പുതിയ പ്രവര്‍ത്തന തന്ത്രങ്ങളുമായി ഇന്‍ഫോസിസ്; ഉന്നതതല ജീവനക്കാരുടെ എണ്ണം കുറച്ച് താഴ്ന്നതല ജീവനക്കാരുടെ എണ്ണം കൂട്ടുന്നു

June 11, 2020 |
|
News

                  പുതിയ പ്രവര്‍ത്തന തന്ത്രങ്ങളുമായി ഇന്‍ഫോസിസ്; ഉന്നതതല ജീവനക്കാരുടെ എണ്ണം കുറച്ച് താഴ്ന്നതല ജീവനക്കാരുടെ എണ്ണം കൂട്ടുന്നു

പുതിയ പ്രവര്‍ത്തന തന്ത്രങ്ങളുമായി ഇന്‍ഫോസിസ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇടത്തരം, അസോസിയേറ്റ് ലെവല്‍ സ്ഥാനങ്ങള്‍ ഉയര്‍ന്നപ്പോഴും, ഇന്‍ഫോസിസ് ഉയര്‍ന്ന ലെവല്‍ സ്ഥാനങ്ങള്‍ ചുരുക്കുകയുണ്ടായി. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആളുകളെ നിയമിക്കുന്നതിനുള്ള തന്ത്രത്തിലേക്കാണ് ഈ നടപടി വിരല്‍ ചൂണ്ടുന്നത്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഉയര്‍ന്ന തലത്തിലുള്ള ജീവനക്കാരുടെ എണ്ണം അഞ്ച് ശതമാനം കുറഞ്ഞ് 926 -ലേക്ക് എത്തിയെന്ന് കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിരതാ റിപ്പോര്‍ട്ടിലെ ഡാറ്റ വ്യക്തമാക്കുന്നു.ഇതേ കാലയളവില്‍ സീനിയര്‍ ലെവല്‍ ജീവനക്കാരുടെ എണ്ണം 30,013 ആയി കുറഞ്ഞെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇടത്തരം ലെവല്‍ തസ്തികകളിലെ ജീവനക്കാരുടെ എണ്ണം നാല് ശതമാനം ഉയര്‍ന്ന് 115,227 ആയി. അസോസിയേറ്റ് ലെവല്‍ സ്ഥാനങ്ങള്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഒമ്പത് ശതമാനം വര്‍ദ്ധിച്ച് 94,584 ആയി. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്‍ഫോസിസ്, ചെലവ് 100 മുതല്‍ 150 മില്യണ്‍ ഡോളര്‍ വരെ കുറയ്ക്കുമെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജീവനക്കാരുടെ ചെലവ് കുറയ്ക്കുന്നതിന് കമ്പനി പുതിയ ജീവനക്കാരെ നിയമിക്കുകയും ഇടത്തരം, സീനിയര്‍ മാനേജ്മെന്റിലെ റോളുകള്‍ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.

2018 സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2019 -ല്‍ എല്ലാ ഉയര്‍ന്ന, സീനിയര്‍, ഇടത്തരം ജീവനക്കാരുടെ എണ്ണം വര്‍ദ്ധിക്കുകയും, അസോസിയേറ്റ് ലെവല്‍ സ്ഥാനങ്ങള്‍ ക്രമാതീതമായി ചുരുങ്ങുകയും ചെയ്തു. 2018 സാമ്പത്തിക വര്‍ഷം മുതല്‍ 2019 വരെ, ഉയര്‍ന്ന തലത്തിലുള്ള ജീവനക്കാരുടെ എണ്ണം ഏഴ് ശതമാനവും സീനിയര്‍ ലെവല്‍ ജീവനക്കാരുടെ എണ്ണം പതിനൊന്ന് ശതമാനവും ഇടത്തരം ലെവല്‍ ജീവനക്കാരുടെ എണ്ണം ഇരുപത്തിയഞ്ച് ശതമാനവും ഉയര്‍ന്നു. മറുഭാഗത്ത്, അസോസിയേറ്റ് ലെവല്‍ ജീവനക്കാരുടെ എണ്ണത്തില്‍ രണ്ട് ശതമാനം കുറവുണ്ടാവുകയും ചെയ്തു.

അമേരിക്കയില്‍, ശമ്പളപ്പട്ടികയില്‍ 17,709 ജീവനക്കാരുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനവുണ്ടായതായും കമ്പനി അറിയിച്ചു. കൂടാതെ, 2018 -ലെ നിലവാരത്തില്‍ നിന്ന് 74 ശതമാനം ഉയര്‍ന്നതായും കമ്പനി കൂട്ടിച്ചേര്‍ത്തു. 2020 -ലെ 13 -ാമത് വാര്‍ഷിക സുസ്ഥിരതാ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്‍ഫോസിസിന്റെ ജീവനക്കാരുടെ എണ്ണ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 166 ശതമാനമാണ് വര്‍ധിച്ചത്. ആഗോളതലത്തില്‍ ഇന്‍ഫോസിസിന് 2,42,000 -ത്തിലധികം ജീവനക്കാരുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved