
മുംബൈ: ഐടി സേവന കമ്പനിയായ ഇന്‍ഫോസിസ് നിര്‍ണ്ണായക പ്രഖ്യപനത്തിനൊരുങ്ങുന്നു. അടുത്ത ദിവസം തന്നെ ഓഹരി തിരിച്ചുവാങ്ങുന്നത് സംബന്ധിച്ച പദ്ധതി പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ഇനി നടക്കാനിരിക്കുന്ന കമ്പനിയുടെ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2021 ഏപ്രില്‍ 14 നാണ് ഇന്‍ഫോസിസിന്റെ അടുത്ത യോഗം. ഈ യോഗത്തില്‍ വെച്ച് കമ്പനിയുടെ പൂര്‍ണമായും പണമടച്ചുള്ള ഇക്വിറ്റി ഷെയറുകള്‍ തിരിച്ചുവാങ്ങുന്നതിനുള്ള നിര്‍ദ്ദേശം ബോര്‍ഡ് പരിഗണിക്കുമെന്നാണ് ഇന്‍ഇന്‍ഫോസിസ് അറിയിച്ചിട്ടുള്ളത്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡിന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും ഈ നിര്‍ദ്ദേശം നടപ്പിലാക്കുക.
മാര്‍ച്ച് പാദത്തില്‍ ഇന്‍ഫോസിസിന്റെ തുടര്‍ച്ചയായ വളര്‍ച്ച ലാഭത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം തന്നെ ക്വാര്‍ട്ടര്‍ ഓണ്‍ ക്വാര്‍ട്ടര്‍ വില്‍പ്പനയില്‍ രണ്ട് മുതല്‍ നാല് ശതമാനം വരെ വര്‍ധനവും പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഡോളര്‍ വരുമാനത്തിലും സ്ഥിരമായ കറന്‍സി നിബന്ധകളിലുമായി മൂന്ന് മുതല്‍ അഞ്ച് വരെ ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കമ്പനി ഓഹരികള്‍ വരുമാനത്തെക്കാളധികം ഉയര്‍ന്ന നിരക്കിലാണുള്ളത്. ഇതിനൊപ്പം തന്നെ കഴിഞ്ഞ ഒരു മാസത്തില്‍ സ്റ്റോക്കിലും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 7.10 ശതമാനമാണ് ഉയര്‍ന്നിട്ടുള്ളത്. വില്‍പ്പനയില്‍ 12-14 ശതമാനം വളര്‍ച്ചയും പ്രകടമാണ്.
അതേസമയം, ഇന്‍ഫോസിസ് 23,625.36 കോടി രൂപയുടെ മൊത്തം വിപണി മൂല്യത്തില്‍ 6,13,854.71 കോടി രൂപയിലേക്ക് എത്തിയിട്ടുണ്ട്. വിപ്രോ ഉള്‍പ്പെടെയുള്ള ഐടി ഭീമന്‍മാരില്‍ നിന്നാണ് കമ്പനിയ്ക്ക് ഇക്കാലയളവില്‍ പ്രധാന സംഭാവന ലഭിച്ചത്. കഴിഞ്ഞയാഴ്ച ഇന്‍ഫോസിസിന്റെ ഓഹരികള്‍ 0.066 ശതമാനം ഉയര്‍ന്ന് 1,440.75 രൂപയിലേക്ക് എത്തിയിരുന്നു.
കഴിഞ്ഞയാഴ്ച വിപണി മൂലധനത്തില്‍ ഇന്‍ഫോസിസ് 6 ട്രില്യണ്‍ രൂപയിലെത്തിയ നാലാമത്തെ ഇന്ത്യന്‍ കമ്പനിയായി മാറിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്പനി ഓഹരികള്‍ 141 ശതമാനത്തിലധികം ഉയരുകയും ചെയ്തിട്ടുണ്ട്. 6.05 ട്രില്യണ്‍ രൂപയുടെ വിപണി മൂലധനത്തോടെ ബിഎസ്ഇയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1,425 രൂപയിലെത്തി. സ്‌ക്രിപ്റ്റ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.8 ശതമാനം ഉയര്‍ന്ന് 1,410.15 രൂപയായി ക്ലോസ് ചെയ്തു. ഈ വര്‍ഷം ഇതുവരെ ഇത് 12 ശതമാനത്തിലധികം നേടി.