കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി കാലാവധി നീട്ടി

April 20, 2022 |
|
News

                  കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതി കാലാവധി നീട്ടി

ന്യൂഡല്‍ഹി: കോവിഡ് ഡ്യൂട്ടിയിലേര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെപി) 180 ദിവസത്തേക്ക് കൂടി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2020 മാര്‍ച്ച് 30 ന് ആരംഭിച്ച പിഎംജികെപി പദ്ധതി പ്രകാരം ആശ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ രാജ്യത്തെ 22.12 ലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ ഇതിന്റെ പരിധിയില്‍ വരും. 50 ലക്ഷം രൂപ വീതമുള്ള വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് കവറേജ് ഈ പദ്ധതി നല്‍കും. പദ്ധതിയുടെ ഭാഗമായി ഇതുവരെ 1,905 ക്ലെയിമുകളാണ് തീര്‍പ്പാക്കിയത്.

കോവിഡ് രോഗികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടുകയാണെന്നാണ് മന്ത്രാലയത്തിന്റെ പത്രകുറിപ്പില്‍ വ്യക്തമാക്കുന്നത്. ഈ പദ്ധതി നേരത്തെ അവസാനിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സ്വകാര്യ ആശുപത്രി ജീവനക്കാര്‍, കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വിരമിച്ച ഉദ്യോഗസ്ഥര്‍, വോളന്റിയര്‍മാര്‍, നഗര-പ്രാദേശിക ഭരണകേന്ദ്രങ്ങളിലെ ജീവനക്കാര്‍, കരാര്‍ ജീവനക്കാര്‍, ദിവസ വേതനക്കാര്‍, കോവിഡ് ഡ്യൂട്ടിക്കായി നിയമിക്കുന്ന താല്‍ക്കാലിക ജീവനക്കാര്‍ തുടങ്ങിയവരാണ് ഉള്‍പ്പെടുക. കൂടാതെ, കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആശുപത്രികള്‍, രാജ്യത്തെ സ്വയംഭരണ ആശുപത്രികള്‍, എയിംസ്, കോവിഡ് -19 രോഗികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികള്‍ എന്നിവിടങ്ങളിലെയെല്ലാം ജീവനക്കാര്‍ ഇതില്‍ ഉള്‍പ്പെടും.

കൂടാതെ ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ലളിതമാക്കുന്നതിനും, ക്ലെയിമുകളുടെ അംഗീകാരത്തിനുമായി ഒരു പുതിയ സംവിധാനം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജില്ല കളക്ടര്‍മാരാണ് ഓരോ കേസിലും ക്ലെയിം സാക്ഷ്യപ്പെടുത്തുന്നത്. കളക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍, ഇന്‍ഷുറന്‍സ് കമ്പനി 48 മണിക്കൂറിനുള്ളില്‍ ക്ലെയിമുകള്‍ അംഗീകരിച്ച് തീര്‍പ്പാക്കും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved