
യുഎസ് സെമികണ്ടക്ടര്‍ ഭീമനായ ഇന്റല്‍ ജിയോയില്‍ നിക്ഷേപം നടത്തുന്നു. ഇന്റലിന്റെ നിക്ഷേപ വിഭാഗമായ ഇന്റല്‍ ക്യാപിറ്റലാണ് 1,894.5 കോടി നിക്ഷേപിക്കുക. പുതിയ നിക്ഷേപംകൂടിയെത്തിയതോടെ ജിയോ പ്ലാറ്റ്ഫോംസിന്റെ മൊത്തംമൂല്യം 5.16 ലക്ഷംകോടിയായി. ജിയോ പ്ലാറ്റ്ഫോമില്‍ 0.39ശതമാനം ഉടമസ്ഥതാവകാശമാണ് ഇന്റലിന് ഇതിലൂടെ ലഭിക്കുക.
ജിയോ പ്ലാറ്റ്ഫോമുകളില്‍ അടുത്തിടെ നിക്ഷേപം നടത്തിയ മാര്‍ക്യൂ കമ്പനികളുടെ പട്ടികയില്‍ ഇന്റല്‍ ക്യാപിറ്റലുമുണ്ടായിരുന്നു. മൊത്തം നിക്ഷേപ തുക 117,588.45 കോടി രൂപയായി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്ഫോമില്‍ 388 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി, സ്മാര്‍ട്ട് ഉപകരണങ്ങള്‍, ക്ലൗഡ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ആഗ്മെന്റഡ് ആന്‍ഡ് മിക്സഡ് റിയാലിറ്റി, ബ്ലോക്ക്ചെയിന്‍ എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന പ്രമുഖ സാങ്കേതികവിദ്യകളിലായാണ് ജിയോ പ്ലാറ്റ്ഫോമുകള്‍ ഡിജിറ്റല്‍ ഇക്കോസിസ്റ്റത്തില്‍ കാര്യമായ നിക്ഷേപം നടത്തിയത്.
ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 5 ജി തുടങ്ങിയ നൂതന സാങ്കേതിക മേഖലകളെ കേന്ദ്രീകരിച്ച് ഇന്റല്‍ ക്യാപിറ്റല്‍ ആഗോളതലത്തില്‍ വിവിധ കമ്പനികളില്‍ നിക്ഷേപം നടത്തുന്നു. ആഗോള നവീകരണങ്ങളുടെ അടിത്തറയായ കമ്പ്യൂട്ടിംഗ്, കമ്മ്യൂണിക്കേഷന്‍ എന്നീ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡാറ്റാ കേന്ദ്രീകൃത ഭാവിയെ രൂപപ്പെടുത്തുന്ന അര്‍ദ്ധചാലക വ്യവസായത്തിലെ ഒരു നേതാവായ ഇന്റല്‍ കോര്‍പ്പറേഷന്റെ നിക്ഷേപ വിഭാഗമാണ് ഇന്റല്‍ ക്യാപിറ്റല്‍. രണ്ട് പതിറ്റാണ്ടിലേറെയായി ഇന്റല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ബെംഗളൂരുവിലും ഹൈദരാബാദിലും അത്യാധുനിക ഡിസൈന്‍ സൗകര്യങ്ങളുള്ള സജ്ജീകരണങ്ങളോടെ ആയിരക്കണക്കിന് ജീവനക്കാര്‍ തൊഴിലെടുക്കുന്നു.
ഏപ്രില്‍ 22നുശേഷം ഇത് 12-ാമത്തെ സ്ഥാപനമാണ് ജിയോയില്‍ നിക്ഷേപം നടത്തുന്നത്. ഫേസ്ബുക്ക്, കെകെആര്‍, ജനറല്‍ അറ്റ്ലാന്റിക്, വിസ്റ്റ ഇക്വിറ്റി തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതുവരെ നിക്ഷേപം നടത്തിയത്. ജിയോയിലെ മൊത്തം വിദേശ നിക്ഷേപം 1,17,588.45 കോടി രൂപയായി ഉയരുകയും ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ജിയോ പ്ലാറ്റ്ഫോമിലുള്ള 25.09 ശതമാനം ഉടമസ്ഥതാവകാശമാണ് നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടിവരിക.