
സ്വര്‍ണ്ണ വില കുതിച്ചുയരുന്നത് സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്ക് തടസ്സമായിരിക്കാം. എന്നാല്‍, അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വേഗത്തില്‍ പണം കണ്ടെത്താന്‍ സ്വര്‍ണ വായ്പകള്‍ ഒരു മികച്ച മാര്‍ഗമാണ്. സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതോടെ സ്വര്‍ണ പണയ വായ്പകളുടെ പലിശ നിരക്ക് കുത്തനെ കുറഞ്ഞു. റിസര്‍വ് ബാങ്ക് കഴിഞ്ഞ മാസം 20 വര്‍ഷത്തിനിടെ റിപ്പോ നിരക്ക് (ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്ന നിരക്ക്) ഏറ്റവും താഴ്ന്ന നിലയിലേക്ക് കുറച്ചു. ഇതിനെത്തുടര്‍ന്ന് ബാങ്കുകള്‍ സ്വര്‍ണ്ണ വായ്പയുടെ പലിശ നിരക്ക് 40 ബേസിസ് പോയിന്റ് വരെ കുറച്ചു.
മാര്‍ച്ച് അവസാനത്തോടെ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചതിനുശേഷം സ്വര്‍ണ പണയ വായ്പയുടെ മൂല്യം ഏകദേശം 11.3 ശതമാനം വര്‍ദ്ധിച്ചു. മാര്‍ച്ച് 24 ന് ഒരു ഗ്രാമിന് 2875 രൂപയായിരുന്നു വായ്പ ലഭിച്ചിരുന്നത്. എന്നാല്‍ ജൂണ്‍ 10 ന് ഇത് ഗ്രാമിന് 3197 രൂപയായതായി അസോസിയേഷന്‍ ഓഫ് ഗോള്‍ഡ് ലോണ്‍ കമ്പനീസ് (എജിഎല്‍സി) ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലളിതമായി പറഞ്ഞാല്‍, 22 കാരറ്റ് സ്വര്‍ണ്ണത്തിന്റെ ഒരു പവന് മാര്‍ച്ച് അവസാനത്തില്‍ 23000 രൂപയായിരുന്നു വായ്പയായി ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 25500 രൂപയില്‍ കൂടുതല്‍ വായ്പ ലഭിക്കും.
സ്വര്‍ണത്തിന്റെ നിലവിലുള്ള മൂല്യത്തിന്റെ 75 ശതമാനം വരെ ബാങ്കുകളും എന്‍ബിഎഫ്സിയും വായ്പ വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്കും വായ്പയ്ക്ക് അര്‍ഹമായ തുക കണക്കാക്കുന്നതിനുള്ള രീതിയും ഓരോ ബാങ്കുകള്‍ക്കും വ്യത്യസ്തമായിരിക്കും. സ്വകാര്യമേഖലയിലെ ബാങ്കുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വര്‍ണ്ണ വായ്പയ്ക്ക് ഉയര്‍ന്ന പലിശ നിരക്ക് ഈടാക്കുന്നുണ്ട്. എന്‍ബിഎഫ്സികള്‍ സാധാരണയായി ബാങ്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ്ണ വായ്പ വാഗ്ദാനം ചെയ്യുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പ്രതിവര്‍ഷം 7.75 ശതമാനം (ഒരു ലക്ഷം രൂപ വായ്പയ്ക്ക് 7750 രൂപ പലിശ) പലിശ നിരക്കാണ് 'വ്യക്തിഗത സ്വര്‍ണ്ണ വായ്പ'യ്ക്ക് വാഗ്ദാനം ചെയ്യുന്നത്. വായ്പ തുകയുടെ 0.5 ശതമാനം അധിക പ്രോസസ്സിംഗ് ഫീസും (ഫീസിലെ ജിഎസ്ടിയും) ബാങ്ക് ഈടാക്കുന്നുണ്ട്. കൂടാതെ നിരവധി സ്വകാര്യ ബാങ്കുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശ ഈടാക്കുന്നുണ്ട്. ചില ബാങ്കുകള്‍ സ്വര്‍ണ്ണ മൂല്യനിര്‍ണ്ണയ ചാര്‍ജുകള്‍ വെവ്വേറെയാണ് ഈടാക്കുന്നത്. അത് അപേക്ഷകന്‍ നല്‍കേണ്ടതാണ്.
മുത്തൂറ്റ് പോലുള്ള എന്‍ബിഎഫ്സികള്‍ പ്രതിവര്‍ഷം 12 ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. ചില എന്‍ബിഎഫ്സികള്‍ ഹ്രസ്വകാല സ്വര്‍ണ്ണ വായ്പകള്‍ക്ക് 14-18 ശതമാനം പലിശ ഈടാക്കുന്നുണ്ട്. ചില ധനകാര്യ സ്ഥാപനങ്ങള്‍ വെറും മൂന്ന് മാസത്തെ കാലാവധിയാണ് വായ്പയ്ക്ക് നല്‍കുന്നത്. അടിയന്തിര സമയങ്ങളില്‍ എടുക്കാവുന്ന ഏറ്റവും എളുപ്പമുള്ള വായ്പകളാണ് സ്വര്‍ണ്ണ വായ്പകള്‍. അത്തരം വായ്പകള്‍ക്ക് ബാങ്കുകള്‍ 'വരുമാന തെളിവ്' ആവശ്യപ്പെടില്ല.
എന്നാല്‍ വായ്പ ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ബാങ്കില്‍ ഒരു അക്കൌണ്ട് ഉണ്ടായിരിക്കണം. എന്‍ബിഎഫ്സികളില്‍ നിന്ന് സ്വര്‍ണ്ണ വായ്പ ലഭിക്കുന്നതിന് അത്തരം നിബന്ധനകളൊന്നുമില്ല. ആഭരണം അല്ലെങ്കില്‍ സ്വര്‍ണ്ണ നാണയങ്ങളുടെ രൂപത്തില്‍ സ്വര്‍ണം ബാങ്കുകളില്‍ നല്‍കാവുന്നതാണ്. മിക്ക ബാങ്കുകളും വായ്പാ അപേക്ഷ സമര്‍പ്പിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്വര്‍ണ്ണ വായ്പ വിതരണം ചെയ്യും. അതിനാല്‍ ക്രെഡിറ്റ് സ്‌കോര്‍ മോശമാണെങ്കിലും വായ്പ ലഭിക്കും.
എല്ലാ മാസവും പലിശ മാത്രം അടയ്ക്കുകയും കാലാവധി അവസാനിക്കുമ്പോള്‍ പ്രധാന തുക മുഴുവനായും അടയ്ക്കുന്നത് ഉള്‍പ്പെടെ നിരവധി ഓപ്ഷനുകള്‍ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വര്‍ണ്ണ വില ഉയരുന്നത് തുടരുകയാണെങ്കില്‍, നിങ്ങള്‍ക്ക് കൂടുതല്‍ വായ്പ തുക ലഭിക്കും. സമയബന്ധിതമായി വായ്പ തിരിച്ചടച്ചില്ലെങ്കില്‍ കുടിശ്ശികയുള്ള ബാക്കി തുക പിന്‍വലിക്കുന്നതിനായി നിങ്ങളുടെ പണയം വച്ച സ്വര്‍ണം പിടിച്ചെടുത്ത് ലേലം ചെയ്യും. ഇത് നിങ്ങളുടെ ക്രെഡിറ്റ് ചരിത്രത്തെയും സ്‌കോറിനെയും പ്രതികൂലമായി ബാധിക്കും.