മൊറട്ടോറിയം കാലയളവില്‍ വായ്പ തിരിച്ചടച്ചവര്‍ക്ക് ആനുകൂല്യം; ഇന്ന് മുതല്‍ പണം തിരികെ ലഭിക്കും

November 05, 2020 |
|
News

                  മൊറട്ടോറിയം കാലയളവില്‍ വായ്പ തിരിച്ചടച്ചവര്‍ക്ക് ആനുകൂല്യം; ഇന്ന് മുതല്‍ പണം തിരികെ ലഭിക്കും

രാജ്യത്തെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രകാരം വായ്പ പലിശയ്ക്ക് ഈടാക്കുന്ന കൂട്ടുപലിശ അര്‍ഹരായ വായ്പക്കാര്‍ക്ക് തിരികെ നല്‍കാന്‍ തുടങ്ങി. യോഗ്യതയുള്ള വായ്പക്കാര്‍ക്ക് സാധാരണ പലിശയും കോംമ്പൌണ്ട് പലിശയും തമ്മിലുള്ള വ്യത്യാസം നവംബര്‍ 5-നോ അതിനുമുമ്പോ തിരികെ നല്‍കണമെന്ന് സര്‍ക്കാര്‍ നേരത്തെ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.

അതിനാല്‍, എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും യോഗ്യതയുള്ള വായ്പക്കാര്‍ക്ക് റീഫണ്ട് അല്ലെങ്കില്‍ ക്യാഷ്ബാക്ക് ക്രെഡിറ്റ് ഇന്ന് തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ വായ്പ മൊറട്ടോറിയം കോമ്പൗണ്ട് പലിശ ഒഴിവാക്കല്‍ പദ്ധതി പ്രകാരം രണ്ട് കോടി രൂപ വരെ വായ്പ എടുത്തിട്ടുള്ള എല്ലാ വ്യക്തിഗത വായ്പക്കാര്‍ക്കും ചെറുകിട ബിസിനസുകള്‍ക്കും റീഫണ്ടിനോ ക്യാഷ്ബാക്കിനോ അര്‍ഹതയുണ്ട്. മൊറട്ടോറിയം തിരഞ്ഞെടുക്കാത്ത വായ്പക്കാര്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുകയാണെങ്കില്‍ റീഫണ്ടിന് അര്‍ഹതയുണ്ട്.

ലോണ്‍ മൊറട്ടോറിയം കേസ് ഇപ്പോഴും സുപ്രീം കോടതിയില്‍ വാദം കേട്ടുകൊണ്ടിരിക്കുകയാണ്. രണ്ടു കോടി രൂപവരെ വായ്പയെടുത്തവര്‍ക്കാണ് എക്സ് ഗ്രേഷ്യയെന്ന പേരില്‍ ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതി സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയത്. ഈ പദ്ധതി പ്രകാരം യോഗ്യരായ എല്ലാ വായ്പക്കാര്‍ക്കും സാധാരണ പലിശയും കോമ്പൗണ്ട് പലിശ തമ്മിലുള്ള വ്യത്യാസം തിരികെ നല്‍കാന്‍ റിസര്‍വ് ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകളോടും ആവശ്യപ്പെട്ടു.

ഉപയോക്താക്കള്‍ക്ക് പണം തിരികെ ലഭിച്ചിട്ടുണ്ടോ അല്ലെങ്കില്‍ ക്യാഷ്ബാക്ക് ലഭിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം? ബന്ധപ്പെട്ട വായ്പക്കാരന് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒരു ടെക്സ്റ്റ് മെസേജ് ബാങ്കുകള്‍ അയയ്ക്കാന്‍ സാധ്യതയുണ്ട്. സന്ദേശത്തില്‍, യോഗ്യരായ വായ്പക്കാര്‍ക്ക് നല്‍കിയ കൃത്യമായ റീഫണ്ട് തുക അല്ലെങ്കില്‍ ക്യാഷ്ബാക്ക് ബാങ്കുകള്‍ പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നവംബര്‍ 3 മുതല്‍ ചില ബാങ്കുകള്‍ യോഗ്യതയുള്ള വായ്പക്കാര്‍ക്ക് പണം തിരികെ നല്‍കാന്‍ ആരംഭിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭവന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക, വാഹന വായ്പകള്‍, എംഎസ്എംഇ വായ്പകള്‍, കണ്‍ സ്യൂമര്‍ ലോണ്‍, വ്യക്തിഗത-പ്രൊഫഷണല്‍ ലോണുകള്‍ എന്നിവയ്ക്ക് ഗവണ്‍മെന്റിന്റെ ഈ പദ്ധതി ബാധകമാണ്. കൃഷിയും അനുബന്ധമേഖലകളിലെയും വായ്പകള്‍ക്ക് ആനുകൂല്യം ലഭിക്കില്ല. പലിശ ക്രെഡിറ്റ് ചെയ്യുന്ന പ്രക്രിയ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പൂര്‍ത്തിയാക്കിയാലുടന്‍ അവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് പണം ആവശ്യപ്പെടാം. ഡിസംബര്‍ 15 വരെ ബാങ്കുകള്‍ക്ക് റീഇംബേഴ്‌സ്‌മെന്റ് ക്ലെയിം ചെയ്യാം.

Related Articles

© 2025 Financial Views. All Rights Reserved