
കഷ്ടകാലം ഒഴിയാതെ ഇന്‍ഡിഗോ. ഇന്‍ഡിഗോയുടെ തലപ്പത്ത് നിന്നും കമ്പനിയുടെ സഹസ്ഥാപകനായ രാകേഷ് ഗംഗ്വാള്‍ രാജിവച്ചതിന് പിന്നാലെ ഓഹരികള്‍ ഇടിഞ്ഞു. വിപണി വിഹിതമനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ എയര്‍ലൈനായ ഇന്‍ഡിഗോയുടെ ഓഹരികള്‍ തിങ്കളാഴ്ച രാവിലെ 9:55 ന് 3.96 ശതമാനം ഇടിഞ്ഞ് 2,031.65 രൂപയിലെത്തി. 2020 രൂപയ്ക്കാണ് ഇന്‍ഡിഗോ ഓഹരികള്‍ വ്യാപാരം ആരംഭിച്ചത്.
കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഗംഗ്വാള്‍ രാജിവെക്കുകയും കമ്പനിയിലെ തന്റെ ഓഹരികള്‍ അടുത്ത കാലത്ത് കുറയ്ക്കുമെന്ന് കമ്പനി ബോര്‍ഡ് അംഗങ്ങളെ അറിയിക്കുകയും ചെയ്തതിനു പിന്നാലെയാണ് ഓഹരിവിപണിയില്‍ ഓഹരികള്‍ ചാഞ്ചാടിയതും. അഞ്ച് വര്‍ഷമായി നിലനിര്‍ത്തിയിരുന്ന ഓഹരികള്‍ കുറയ്ക്കുമെന്നാണ് ഗംഗ്വാള്‍ ബോര്‍ഡിനെ അറിയിച്ചത്. ഇന്‍ഡിഗോയില്‍ ഗാംഗ്വാളിനും കുടുംബത്തിനും 36.6 ശതമാനം ഓഹരിയാണുള്ളത്.
വെള്ളിയാഴ്ച വരെയുള്ള എയര്‍ലൈനിന്റെ മൂല്യനിര്‍ണയം അനുസരിച്ച്, ഗാംഗ്വാള്‍ കുടുംബത്തിന്റെ കൈവശമുള്ള ഓഹരിയുടെ മൂല്യം ഏകദേശം 29,847.7 കോടി രൂപ വരും. രാഹുല്‍ ഭാട്ടിയയെ മാനേജിംഗ് ഡയറക്റ്ററാക്കുന്ന വാര്‍ത്ത വന്ന് ഒരാഴ്ച കഴിഞ്ഞാണ് ഓഹരിയിലും ഇത് പ്രകടമായത്. 53.5 ശതമാനം വിപണി വിഹിതമുള്ള ആഭ്യന്തര എയര്‍ലൈന്‍, തങ്ങളുടെ സുസ്ഥിര വ്യോമയാന ഇന്ധനം ഉപയോഗിച്ച് ആദ്യ വിമാനം പറത്തിയതായി അറിയിച്ചിരുന്നു. സുസ്ഥിര ഊര്‍ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ധനക്ഷമത കൈവരിച്ചതായി കമ്പനി അറിയിച്ചത് ഓഹരിയെ തുണയ്ക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.