
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ വീണ്ടും നീട്ടുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജൂണ്‍ 30 അര്‍ദ്ധരാത്രി വരെ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വാണിജ്യ യാത്രാ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അറിയിച്ചു. വിദേശ വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്കോ ഇന്ത്യയില്‍ നിന്നോ സര്‍വ്വീസ് ആരംഭിക്കുന്നതിനെക്കുറിച്ച് പിന്നീട് അറിയിപ്പ് നല്‍കുമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തിറക്കിയ സര്‍ക്കുലറില്‍ പറഞ്ഞു.
മാര്‍ച്ച് 25 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച മുതലാണ് രാജ്യത്ത് ആഭ്യന്തര പാസഞ്ചര്‍ ഫ്‌ലൈറ്റ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. അന്താരാഷ്ട്ര വിമാനങ്ങള്‍ ഇപ്പോഴും നിര്‍ത്തി വച്ചിരിക്കുകയാണ്. ജൂണ്‍ 8 മുതല്‍ രാജ്യത്ത് 'അണ്‍ലോക്ക് -1' ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 25 മുതലാണ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്. ഷോപ്പിംഗ് മാളുകള്‍, റെസ്റ്റോറന്റുകള്‍, മതസ്ഥലങ്ങള്‍ എന്നിവ തുറക്കുന്നതുള്‍പ്പെടെ വലിയ അളവില്‍ ഇളവ് വരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ പകര്‍ച്ചവ്യാധി ബാധിച്ച പ്രദേശങ്ങളില്‍ ജൂണ്‍ 30 വരെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. അന്താരാഷ്ട്ര വിമാന യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയിഷ പല നിലപാടുകളെ ചൊല്ലി വളരെയധികം ആശയക്കുഴപ്പങ്ങള്‍ നിലനിന്നിരുന്നു. മുന്‍കൂട്ടി അറിയിക്കാതെ ചില വിമാനങ്ങള്‍ സര്‍വ്വീസ് റദ്ദാക്കിയതായും പരാതികള്‍ ഉയര്‍ന്നിരുന്നു.