അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുന്നു

March 09, 2022 |
|
News

                  അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ പിന്‍വലിക്കാന്‍ തീരുമാനമായി. ഈ മാസം 27 മുതല്‍ സര്‍വീസുകള്‍ വീണ്ടും തുടങ്ങും. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍  പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതുവരെ എയര്‍ ബബിള്‍ സംവിധാനത്തിലുള്ള പ്രത്യേക സര്‍വീസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം എല്ലാ സംസ്ഥാനങ്ങളിലും നിയന്ത്രണ വിധേയമായതോടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ ആലോചിച്ചിരുന്നു. എന്നാല്‍ പെട്ടെന്നുയര്‍ന്ന ഒമിക്രോണ്‍ വകഭേദത്തെ കുറിച്ചുള്ള ഭീതിയും ആശങ്കയും ജാഗ്രതയും തീരുമാനം മാറ്റാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചിരുന്നു.

2020 മാര്‍ച്ച് 23 ലാണ് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയത്. രണ്ട് വര്‍ഷം അന്താരാഷ്ട്ര സര്‍വീസുകളുടെ സുഗമമായ നടത്തിപ്പിന് ഇത് തടസം സൃഷ്ടിച്ചു. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിലും രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ ഇന്ത്യക്കകത്തേക്കും പുറത്തേക്കും നടന്നിരുന്നു.

വന്ദേ ഭാരത് മിഷന്‍ പ്രകാരം തെരഞ്ഞെടുത്ത റൂട്ടുകളില്‍ ഇന്ത്യയില്‍ നിന്നും ഇന്ത്യയിലേക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തിയിരുന്നു. നയതന്ത്ര തലത്തിലെ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും പിന്നാലെയാണ് ഇത്തരം സര്‍വീസുകള്‍ നിശ്ചയിച്ചിരുന്നത്. 2020 ജൂലൈ മുതലായിരുന്നു ഇത്. നിലവില്‍ ലോകത്തെ 28ഓളം രാജ്യങ്ങളുമായി ഇന്ത്യക്ക് ഇത്തരം സര്‍വീസ് നടത്താനുള്ള കരാര്‍ ഉണ്ട്. ഇതില്‍ അമേരിക്ക, യുകെ, യുഎഇ തുടങ്ങിയ രാജ്യങ്ങളുണ്ട്. മാര്‍ച്ച് 27ഓടെ കൊവിഡിന് മുന്‍പത്തെ നിലയിലേക്ക് വ്യോമയാന മേഖല മാറും.

Related Articles

© 2025 Financial Views. All Rights Reserved