
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ ആവശ്യപ്പെടാതെ ഇനി രാജ്യാന്തര റോമിങ് സേവനം മൊബൈല്‍ ഫോണില്‍ ലഭിക്കില്ല. ഈ സേവനം ഒഴിവാക്കി മൊബൈല്‍ കണക്ഷനുകള്‍ ക്രമീകരിക്കാന്‍ ടെലികോം അതോറിറ്റി(ട്രായ്) ഉത്തരവിട്ടു. ആക്ടിവേറ്റ് ചെയ്താലും ആവശ്യമില്ലെങ്കില്‍ ഒഴിവാക്കാം. ടെലികോം ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഈ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു.
വിദേശയാത്രയില്‍ പലരും റോമിങ് നിരക്ക് അറിയാതെ മൊബൈല്‍ ഉപയോഗിക്കുകയും അധിക ബില്‍ നല്‍കേണ്ടി വരികയും ചെയ്യുന്നതു പതിവായിരുന്നു. നിരക്ക് പരിമിതപ്പെടുത്താന്‍ സാധിക്കില്ലെന്നു മൊബൈല്‍ സേവനദാതാക്കള്‍ ട്രായിയെ അറിയിച്ചിരുന്നു. വിദേശ ടെലികോം സേവനദാതാക്കളുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനെ തുടര്‍ന്നാണിത്. ഈ പശ്ചാത്തലത്തിലാണ് ഉത്തരവ്.