ഒമിക്രോണ്‍ ആശങ്ക: യാത്രാ വിലക്കും വിനോദ സഞ്ചാര മേഖലയും

December 07, 2021 |
|
News

                  ഒമിക്രോണ്‍ ആശങ്ക: യാത്രാ വിലക്കും വിനോദ സഞ്ചാര മേഖലയും

ഒമിക്രോണിന്റെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബിസിനസുകാരും പ്രൊഫഷണലുകളും മാത്രമല്ല സഞ്ചാരികളും രാജ്യാന്തര യാത്രകള്‍ വെട്ടിക്കുറച്ചതായി ട്രാവല്‍ വ്യവസായ രംഗത്തുള്ളവര്‍. ഒമിക്രോണ്‍ കൂടുന്നതിനനുസരിച്ച്, ഇന്ത്യയിലെ എല്ലാ മേഖലകളിലും കമ്പനികള്‍ ജാഗ്രത വര്‍ധിപ്പിക്കുകയും ജോലി സംബന്ധമായ ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ നിയന്ത്രിക്കാന്‍ തുടങ്ങുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവന്റുകളും എക്സ്പോകളും വീണ്ടും ഓണ്‍ലൈനിലേക്ക് മാറ്റുകയാണ് പല മേഖലയിലുള്ളവരും.

ഒമിക്രോണ്‍ വിലക്ക് വരും മുമ്പ് വരെ ക്രിസ്മസ് ന്യൂ - ഇയര്‍ ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലേക്ക് എത്തുന്ന വിദേശ സഞ്ചാരികള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ടൂറിസം മേഖല. കോവിഡ് പ്രോട്ടോക്കോള്‍ മാനിച്ച് രണ്ട് ഡോസ് എടുത്തവര്‍ക്കായുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതോടുകൂടിയാണ് മേഖലയിലെ പ്രതീക്ഷ വര്‍ധിച്ചിരുന്നത്. കൂടാതെ കോവളവും മൂന്നാറും വയനാടും ആലപ്പുഴയും ഉള്‍പ്പെടുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കെല്ലാം ബുക്കിംഗുകള്‍ക്കായുള്ള അന്വേഷണങ്ങളും വര്‍ധിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ ഭീതി വന്നതോടെ സഞ്ചാരികളുടെ ഭാഗത്തുനിന്നുള്ള ക്യാന്‍സലേഷനും കൂടി.

പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളില്‍ തെക്കേ ഇന്ത്യക്കാര്‍ തന്നെയാണ് സഞ്ചാരികളായെത്തുന്നവരില്‍ അധികവും. വിദേശ ടൂറിസ്റ്റുകള്‍ എത്താന്‍ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍. ടൂറിസം സ്പോട്ടുകളില്‍ അതീവ ജാഗ്രതയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഇവന്റുകള്‍ പലതും മാറ്റിവച്ചേക്കും. നിലവില്‍ ക്രിസ്മസ് ന്യൂ ഇയര്‍ കൂടിച്ചേരലുകളും പെരുന്നാള്‍, ഉത്സവ ആഘോഷങ്ങള്‍ക്കും നിയന്ത്രണങ്ങളില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. കേരളത്തില്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം പുറത്തുവന്ന സ്ഥിതിക്ക് ഒമിക്രോണ്‍ നിയന്തണങ്ങളും കടുക്കുമെന്നാണ് കരുതുന്നത്.

രാജ്യാന്തര തലത്തില്‍ ഒമിക്രോണിന്റെ തോത് ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നത്. അതിനാല്‍ തന്നെ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ക്യാംപിംഗ്, ക്രിസ്മസ് ന്യൂ ഇയര്‍ കൂടിച്ചേരലുകള്‍ എല്ലാം അനിശ്ചിതത്വത്തിലായി. സാര്‍സ് കോവിഡ് വൈറസിന്റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ പകരുമോ കോവിഡ് അധികരിക്കുന്ന രോഗികളില്‍ കാണുന്നത് പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരിക്കുമോ അപകട സാധ്യത എത്രത്തോളമുണ്ടായിരിക്കും തുടങ്ങിയ കാര്യങ്ങള്‍ അനിശ്ചിതത്വത്തിലാണ്.

Related Articles

© 2025 Financial Views. All Rights Reserved