
പ്രമുഖ കണ്ണട നിര്‍മാണ കമ്പനിയായ റെയ്-ബാനുമായി സഹകരിച്ച് ഫെയസ്ബുക്ക് പുതിയ കണ്ണട അവതരിപ്പിച്ചു. ഫോട്ടോ എടുക്കാനും പാട്ട് കേള്‍ക്കാനുമൊക്കെ ഫോണും ചുമന്ന് നടക്കുന്നതൊക്കെ ഇനി പഴങ്കഥ, ഇപ്പോഴിതാ കണ്ണടയില്‍ ഇതെല്ലാം ഒറ്റയടിക്ക് നടക്കും. 'റെയ്-ബാന്‍ സ്റ്റോറീസ്' എന്നാണ് ഗ്ലാസിന് പേരിട്ടിരിക്കുന്നത്.
ഇരുവശത്തുമായി രണ്ടു കാമറകളും, ഇയര്‍ഫോണുകളായി പ്രവര്‍ത്തിക്കാവുന്ന തരത്തിലുള്ള സ്പീക്കറുകളുമാണ് കണ്ണടയുടെ പ്രധാന ആകര്‍ഷണം. അടുത്ത പാട്ടിലേക്ക് പോകാനും കേട്ട പാട്ട് ആവര്‍ത്തിച്ച് കേള്‍ക്കാനുമൊക്കെ പറ്റും. സ്മാര്‍ട് ഗ്ലാസുമായി ബന്ധിപ്പിച്ചാല്‍ ഫോണിലേക്ക് വരുന്ന കോളുകള്‍ സ്വീകരിക്കാനും മറുപടി പറയാനും വരെ കഴിയും. അതേസമയം പുതിയ കണ്ടുപിടുത്തതിന് പിന്നിലെ സ്വകാര്യതാ പ്രശ്‌നവും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റുള്ളവര്‍ അറിയാതെ ഗ്ലാസ് ധരിച്ച വ്യക്തി പൊതുവഴിയിലും ആള്‍ക്കൂട്ടത്തിലുമെല്ലാം ഫോട്ടോയും വിഡിയോയും പകര്‍ത്തി നടക്കാമെന്നതാണ് ഈ ആശങ്കയ്ക്ക് പിന്നിലെ കാരണം.
ഗൂഗിള്‍ ഗ്ലാസുമായി താരതമ്യം ചെയ്യുമ്പോള്‍ സൗകാര്യത സംബന്ധിച്ച ഉത്കണ്ഠ ഒരു പരിധിവരെയെങ്കിലും റെയ്-ബാന്‍ സ്റ്റോറീസില്‍ പരിഹരിച്ചിട്ടുണ്ട്. ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് ചിത്രങ്ങളോ വിഡിയോ പകര്‍ത്തിയാല്‍ അത് മനസ്സിലാക്കാന്‍ ഒരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല, എന്നാല്‍ റെയ്-ബാന്‍ സ്റ്റോറീസ് ചിത്രങ്ങളോ വിഡിയോയോ പകര്‍ത്തുമ്പോള്‍ അതിന്റെ മുന്നിലൊരു ചെറിയ ലൈറ്റ് തെളിഞ്ഞു നില്‍ക്കും എന്നതാണ് പ്രത്യേകത. പക്ഷെ പകല്‍ സമയത്ത് ഇത് എത്രമാത്രം വ്യക്തമാകും എന്നകാര്യത്തില്‍ നിരവധിപ്പേര്‍ സംശയം പ്രകടിപ്പിച്ചു.
രണ്ട് അഞ്ച് എംപി ക്യാമറകളാണ് റെയ്-ബാന്‍ സ്റ്റോറീസിന്റെ ഇരു വശത്തുമായി ഘടിപ്പിച്ചിരിക്കുന്നത്. ഫ്രെയ്മിലുള്ള ഹാര്‍ഡ്വെയര്‍ ബട്ടണ്‍ ഉപയോഗിച്ചോ, വോയിസ് കമാന്‍ഡ് വഴിയോ നിയന്ത്രിക്കാനാകും. ഹായ് ഫെയ്സ്ബുക് ടെയ്ക് എ പിക്ചര്‍ , റെക്കോര്‍ഡ് എ വിഡിയോ എന്നെല്ലാം പറഞ്ഞാല്‍ പോലും കാര്യം മനസിലാകും. പക്ഷെ ഇവയില്‍ പകര്‍ത്തുന്ന ചിത്രങ്ങളുടെ മികവിനേക്കുറിച്ച് അത്ര മതിപ്പില്ല. 299 ഡോളറാണ് റെയ്-ബാന്‍ സ്റ്റോറീസിന് വിലയിട്ടിരിക്കുന്നത്, അതായത് ഏകദേശം 30,000 രൂപ. അതേസമയം ഗ്ലാസിലെ എആര്‍ ഫീച്ചറുകളുടെ അഭാവം നിരാശപ്പെടുത്തുന്നുണ്ട്. വാട്ടര്‍ റെസിസ്റ്റന്റ് അല്ലാത്തതിനാല്‍ മഴയത്തും നീന്തല്‍ കുളത്തിലുമൊന്നും ഉപോഗിക്കുക പ്രായോഗികമല്ല.