
മനാമ പശ്ചിമേഷ്യയിലെ പ്രമുഖ ആള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജറായ ഇന്‍വെസ്റ്റ്കോര്‍പ് ഹോള്‍ഡിംഗ്സ് ബഹ്റൈന്‍ ഓഹരി വിപണിയില്‍ നിന്നും ഡീലിസ്റ്റ് ചെയ്യും. ലിസ്റ്റ് ചെയ്ത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 35 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ഇന്‍വെസ്റ്റ്കോര്‍പ് ബഹ്റൈന്‍ ഓഹരി വിപണിയില്‍ നിന്നും ഡീലിസ്റ്റ് ചെയ്യുന്നത്. കാര്യമായ ഓഹരി വ്യാപാരം നടക്കാത്തതിനെ തുടര്‍ന്നാണ് സ്വകാര്യ ഉടമസ്ഥതയിലേക്ക് തിരിച്ചുപോകുന്ന മേഖലയിലെ ഏറ്റവുമൊടുവിലത്തെ കമ്പനിയാണ് ഇന്‍വെസ്റ്റ്കോര്‍പ്.
ബുധനാഴ്ച ബഹ്റൈനില്‍ നടന്ന ഓഹരിയുടമകളുടെ യോഗത്തില്‍ ഡീലിസ്റ്റിംഗിന് ഇന്‍വെസ്റ്റ്കോര്‍പ്പിന് നിക്ഷേപകരുടെ അനുമതി ലഭിച്ചിരുന്നു.ഒന്നുകില്‍ ഓഹരികള്‍ കമ്പനിക്ക് തിരിച്ചുനല്‍കുക അല്ലെങ്കില്‍ സ്വകാര്യ കമ്പനിയിലെ നിക്ഷേപകരായി തുടരുക എന്നീ രണ്ട് അവസരങ്ങളാണ് ഓഹരിയുടമകള്‍ക്ക് മുമ്പിലുള്ളത്. തുടര്‍ നയങ്ങളും വളര്‍ച്ച പദ്ധതികളും പരിഗണിക്കുമ്പോള്‍, ഓഹരിയുടമകളില്ലാത്ത സ്വകാര്യ കമ്പനിയായി മാറുന്നതാണ് ഇന്‍വെസ്റ്റ്കോര്‍പ്പിന് നല്ലതെന്ന് കമ്പനി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഹസെം ബെന്‍ ഗസെം വ്യക്തമാക്കി. അത്തരമൊരു മാറ്റം മികച്ച വരുമാനം നേടാനും നയങ്ങള്‍ നടപ്പിലാക്കാനും കമ്പനിയെ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം കമ്പനിയുടെ ആസ്ഥാനം മനാമയില്‍ തന്നെ തുടരുമെന്നും ബഹ്റൈന്‍ കേന്ദ്രബാങ്ക് തുടര്‍ന്നും പ്രാഥമിക റെഗുലേറ്ററായിരിക്കുമെന്നും ബെന്‍ ഗസെം വ്യക്തമാക്കി.
ബഹ്റൈനിലെ വന്‍കിട ധനകാര്യ കമ്പനികളിലൊന്നാണ് ഇന്‍വെസ്റ്റ്കോര്‍പ്. 1990 അവസാനങ്ങളിലും 2000 തുടക്കത്തിലും പശ്ചിമേഷ്യയിലെ ബിസിനസ്, ബാങ്കിംഗ് ഹബ്ബ് ആയി ദുബായ് ഉയര്‍ന്നുവരുന്നത് വരെ മേഖലയുടെ സാമ്പത്തിക ആസ്ഥാനം ബഹ്റൈന്‍ ആയിരുന്നു. എന്നാല്‍ സമീപകാലത്തായി ബഹ്റൈന്‍ ഓഹരിവിപണി കാര്യമായ വ്യാപാരത്തകര്‍ച്ച നേരിട്ടു. ചില ദിവസങ്ങളില്‍ പത്ത് ലക്ഷത്തില്‍ താഴെ ഓഹരികളാണ് വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ടത്. ഇന്‍വെസ്റ്റ്കോര്‍പ് ഓഹരികള്‍ വളരെ അപൂര്‍വ്വമായി മാത്രമാണ് വ്യാപാരം ചെയ്യപ്പെട്ടിരുന്നത്.
മോശം ഓഹരി വ്യാപാം, വിലത്തകര്‍ച്ച, പണലഭ്യതക്കുറവ്, നിക്ഷേപകരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള കമ്പനികളുടെ താല്‍പ്പര്യം എന്നിവ മൂലം സമീപകാലത്തായി പശ്ചിമേഷ്യയില്‍ ഡിലിസ്റ്റിംഗ് സംഭവങ്ങള്‍ വ്യാപകമാകുകയാണ്. ഇമാര്‍ പ്രോപ്പര്‍ട്ടീസ് തങ്ങളുടെ യൂണിറ്റുകളിലൊന്ന് ഡീലിസ്റ്റ് ചെയ്യുമെന്ന് മാര്‍ച്ചില്‍ വ്യക്തമാക്കിയിരുന്നു.