4 ട്രേഡിങ്ങ് സെഷനുകളില്‍ നിന്ന് മാത്രം നിക്ഷേപകര്‍ നേടിയത് 8.22 ലക്ഷം കോടി രൂപ

December 29, 2020 |
|
News

                  4 ട്രേഡിങ്ങ് സെഷനുകളില്‍ നിന്ന് മാത്രം നിക്ഷേപകര്‍ നേടിയത് 8.22 ലക്ഷം കോടി രൂപ

ഇന്ത്യന്‍ ഓഹരി വിപണിയിലെ തിങ്കളാഴ്ച വരെയുള്ള നാല് ട്രേഡിങ്ങ് സെഷനുകളില്‍ നിന്ന് മാത്രം നിക്ഷേപകരുടെ സമ്പത്ത് ഉയര്‍ന്നത് 8.22 ലക്ഷം കോടി രൂപയാണെന്നു റിപ്പോര്‍ട്ടുകള്‍. വിപണിയിലെ നിരന്തര റാലി മൂലം തിങ്കളാഴ്ച ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇത് വരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് തിങ്കളാഴ്ച അതിന്റെ പുതിയ റെക്കോര്‍ഡ് ആയ 47,406.72 രേഖപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന വ്യാപാരത്തില്‍ സെന്‍സെക്സ് 529.36 പോയിന്റ് ഉയര്‍ന്ന് 46,973.54ല്‍ ആയിരുന്നു ക്ലോസ് ചെയ്തത്. ക്രിസ്മസിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു. തുടര്‍ച്ചയായ നാല് ട്രേഡിങ്ങ് ദിവസങ്ങളില്‍ ബെഞ്ച്മാര്‍ക്ക് സൂചിക 1,799.79 പോയിന്റ് അഥവാ 3.95 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഈ നാല് ട്രേഡിങ്ങ് സെഷനുകള്‍ കൊണ്ട് ബിഎസ്ഇയില്‍ ലിസ്റ്റുചെയ്ത കമ്പനികളുടെ മാര്ക്കറ്റ് ക്യാപിറ്റിലൈസേഷന്‍ 8,22,841.6 കോടി രൂപ ഉയര്‍ന്ന് 1,87,02,164.65 കോടി രൂപയായി. ഡിസംബര്‍ 29 ചൊവ്വാഴ്ച്ചയും ഇന്ത്യന്‍ ഓഹരികള്‍ നേട്ടത്തോടെ ആണ് ആരംഭിച്ചത്. സെന്‍സെക്സ് 277 പോയിന്റും നിഫ്റ്റി 77 പോയിന്റ് നേട്ടവുമാണ് രാവിലെ 9.26നു നേടിയത്.

മാര്‍ക്കറ്റുകള്‍ ആഴ്ചയില്‍ ഒരു മികച്ച തുടക്കം കുറിക്കുകയും ആഗോള സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ മാന്യമായ നേട്ടങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. യുഎസ് പ്രസിഡന്റ് ഉത്തേജക പാക്കേജില്‍ ഒപ്പിട്ടുവെന്ന വാര്‍ത്തയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം വിപണികളില്‍ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ ശ്രദ്ധിച്ചതായി റെലിഗെയര്‍ വിപി (റിസര്‍ച്ച്) അജിത് മിശ്ര പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വാക്സിന്‍ നടപടികളും നിക്ഷേപകര്‍ ശ്രദ്ധിച്ചു.

900 ബില്യണ്‍ ഡോളര്‍ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജ് ഉള്‍പ്പെടുന്ന 2.3 ട്രില്യണ്‍ ഡോളര്‍ ചെലവ് ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വെച്ചത് വിപണിയില്‍ പുത്തനുണര്‍വ് നല്‍കി. ട്രംപിന്റെ നടപടി മൂലം സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ ഒഴിവാകുകയും കൊറോണയെ തുടര്‍ന്ന് സാമ്പത്തിക ആഘാതം നേരിടുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കൊറോണ വൈറസ് സഹായം നല്‍കുന്നതിന് സഹായകമാവുകയും ചെയ്തു.

Related Articles

© 2024 Financial Views. All Rights Reserved