
മുംബൈ: മ്യൂച്വല്‍ ഫണ്ടില്‍ ഇനി സ്റ്റോക്ക് എക്ചേഞ്ച് വഴിയും നിക്ഷേപിക്കാം. വിതരണക്കാരെയും ഏജന്റുമാരെയും ഒഴിവാക്കിയുള്ള നിക്ഷേപത്തിനാണ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) അവസരമൊരുക്കുന്നത്. നിലവില്‍ ഫണ്ട് ഹൗസുകളുടെ വെബ്സൈറ്റ്, വിതരണക്കാര്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് നിക്ഷേപിക്കാന്‍ കഴിഞ്ഞിരുന്നത്. ഫണ്ട് കമ്പനികളുടെ വെബ്‌സൈറ്റുവഴിയും
ഫണ്ട് രജിസ്ട്രാര്‍മാരായ ഫിന്‍ടെക്, കാംസ് എന്നിവ വഴിയും ഡയറക്ട് പ്ലാനുകളില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. റെഗുലര്‍ പ്ലാനുകളെ അപേക്ഷിച്ച് ഡയറക്ട് പ്ലാനുകളിലെ നിക്ഷേപത്തില്‍ നിന്ന് കൂടുതല്‍ ആദായം ലഭിക്കും. വിതരണക്കാരുടെ കമ്മീഷന്‍ ഒഴിവാക്കി ചെലവ് നിശ്ചയിക്കുന്നതിനാലാണിത്.
ഓഹരി വിപണിയിലൂടെ ഡയറക്ട് പ്ലാനുകളില്‍ നിക്ഷേപിക്കുന്നതിന് പുതുവഴി തുറക്കുകയാണ് സെബി. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഉടനെ തയ്യാറാകും. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനും വിറ്റ് പണമാക്കുന്നതിനും ഓഹരി വിപണി വഴി സാധിക്കും. ഓണ്‍ലൈനായി ഓഹരി വ്യാപാരം നടത്തുന്നവര്‍ക്ക് പുതിയ തീരുമാനം ഗുണകരമാകും. അതേസമയം, ട്രേഡിങ് അക്കൗണ്ട് വഴി നിക്ഷേപിക്കുമ്പോഴും വിറ്റ് പണമാക്കുമ്പോഴും ഓഹരി ബ്രോക്കര്‍മാര്‍ക്ക് കമ്മീഷന്‍ നല്‍കേണ്ടിവരും. ഡിസ്‌കൗണ്ട്
ബ്രോക്കര്‍മാര്‍വഴി ഇടപാട് നടത്തിയാല്‍ കമ്മീഷന്‍ ലാഭിക്കാനും അവസരമുണ്ട്. ഈ മേഖലയുടെ വ്യാപ്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന്, മ്യൂച്വല്‍ ഫണ്ട് / അസറ്റ് മാനേജുമെന്റ് കമ്പനികളില്‍ നിന്ന് നേരിട്ട് മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങുന്നതിനും വീണ്ടെടുക്കുന്നതിനും അംഗീകൃത ഓഹരി വിപണികളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപകര്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിനും അവസരം നല്‍കാന്‍ തീരുമാനിച്ചതായി അധികൃതര്‍ പറഞ്ഞു. അംഗീകൃത ഓഹരി വിപണികള്‍ക്ക്, ക്ലിയറിംഗ് കോര്‍പ്പറേഷനുകള്‍, ഡെപ്പോസിറ്ററികള്‍ എന്നിവയില്‍ നിലവിലുള്ള ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താവുന്നതാണ്.