
സെന്‍സെക്സ് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 50,474ലിലെത്തിയതോടെ ബിഎസ്ഇയില്‍ ലിസ്റ്റ്ചെയ്ത ഓഹരികളുടെ വിപണിമൂല്യം 200 ലക്ഷം കോടി മറികടന്നു. അതായത് നിക്ഷേപകരുടെ ഓഹരി നിക്ഷേപത്തിന്റെ മൂല്യം 200.11 ലക്ഷം കോടിയാണ് വളര്‍ന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കുപ്രകാരം 198.43 ലക്ഷം കോടിയായിരുന്നു മൂല്യം.
ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച വളര്‍ച്ചാധിഷ്ഠിത ബജറ്റില്‍ ധനകമ്മി ഉയര്‍ത്തിയതും സ്വകാര്യവത്കരണ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതുമാണ് വിപണിയെ സ്വാധീനിച്ചത്. ബജറ്റിനുശേഷം നാല് വ്യപാരദിനങ്ങളിലായി സെന്‍സെക്സ് 4,189 പോയന്റാണ് കുതിച്ചത്. ഈ റാലിയില്‍നിന്നുമാത്രം നിക്ഷേപകരുടെ സമ്പത്തിലുണ്ടായ വര്‍ധന 13.99 ലക്ഷംകോടി രൂപയാണ്.
ബജറ്റിനുമുമ്പുണ്ടായ തളര്‍ച്ചയെ പൂര്‍ണമായും ഇല്ലാതാക്കിയാണ് ഈകുതിപ്പ്. പ്രീ ബജറ്റ് തകര്‍ച്ചയില്‍ 3,506 പോയന്റായിരുന്നു സെന്‍സെക്സിന് നഷ്ടമായത്. ജനുവരി 20നും 29നുമിടയില്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റ് ലാഭമെടുത്തതോടെയാണ് വിപണി കുത്തനെ ഇടിഞ്ഞത്.