
ഐപിഎല്ലിനുള്ള ഒരുക്കങ്ങള്‍ യുഎഇയില്‍ തകൃതിയായി തുടരുന്നു. രാജ്യാന്തര വിമാനക്കമ്പനിയായ വിസ്താരയാണ് ഇന്ത്യയില്‍ നിന്നും ഐപിഎല്‍ ടീമുകളെ ദുബായില്‍ എത്തിക്കുക. ടാറ്റ സണ്‍സും സിംഗപ്പൂര്‍ എയര്‍ലൈന്‍സും സംയുക്തമായി നടത്തുന്ന വിസ്താര എയര്‍ലൈന്‍ ഇതിനോടകം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്താന്‍ റോയല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമുകളെ യുഎഇയില്‍ എത്തിച്ചുക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ മറ്റു ടീമുകളും ദുബായില്‍ പറന്നെത്തും.
ഇന്ത്യയില്‍ കോവിഡ് ബാധ നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് യുഎഇയിലേക്ക് ടൂര്‍ണമെന്റ് പറിച്ചുനടാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തീരുമാനിച്ചത്. സെപ്തംബര്‍ 19 മുതല്‍ ഐപിഎല്‍ 2020 പതിപ്പിന് യുഎഇയില്‍ തുടക്കമാവും. നിലവില്‍ എല്ലാ ടീമുകളെയും യുഎഇയില്‍ എത്തിക്കുകയെന്ന ദൗത്യമാണ് വിസ്താര ഏറ്റെടുത്തിരിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം ദുബായിലും അബുദാബിയിലുമായി ഐപിഎല്‍ ടീമുകളെ കമ്പനി ഇറക്കാന്‍ തുടങ്ങി.
ഐപിഎല്‍ ടീമുകളെ യുഎഇയില്‍ എത്തിക്കുന്നതിന് സന്നദ്ധരാണെന്ന് സ്പൈസ്ജെറ്റും ഇന്‍ഡിഗോയും ബിസിസിഐയെ മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ ടീമുകളില്‍ തിരഞ്ഞെടുത്ത താരങ്ങള്‍ക്കും പരിശീലകര്‍ക്കും ബിസിനസ് ക്ലാസ് സൗകര്യം വേണമെന്ന ബിസിസിഐയുടെ ആവശ്യം വിസ്താര പൂര്‍ത്തീകരിച്ചു. എട്ടു ടീമുകളുണ്ട് ഐപിഎല്ലില്‍ പങ്കെടുക്കാന്‍. ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളും വൈകാതെ ദുബായിലേക്ക് പറക്കും. ദില്ലി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നാണ് ഐപിഎല്‍ ടീമുകള്‍ യുഎഇയിലേക്ക് വിമാനം കയറുക. ഇതേസമയം, ടൂര്‍ണമെന്റിന് ശേഷം വിസ്താര തന്നെയായിരിക്കുമോ ടീമുകളെ തിരിച്ച് ഇന്ത്യയില്‍ കൊണ്ടുവരികയെന്ന കാര്യം വ്യക്തമല്ല.
എന്തായാലും വ്യോമയാന മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകവെ ബിസിസിഐയുമായുള്ള കരാര്‍ വിസ്താരയുടെ നില മെച്ചപ്പെടുത്തുമെന്ന കാര്യമുറപ്പ്. നേരത്തെ, 5.8 ശതമാനം വിപണിവിഹിതത്തിലേക്ക് ചുരുങ്ങിയാണ് വിസ്താര ജൂണ്‍ പാദം പിന്നിട്ടത്. മാര്‍ച്ചില്‍ 6.4 ശതമാനം ആഭ്യന്തര മാര്‍ക്കറ്റ് വിഹിതം കമ്പനിക്കുണ്ടായിരുന്നു. നിലവില്‍ രാജ്യാന്തര സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് വിസ്താര എയര്‍ലൈന്‍. ഓഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ 30 വരെ പ്രത്യേക ദില്ലി - ലണ്ടന്‍ നോണ്‍ സ്റ്റോപ് വിമാന സര്‍വീസിന് കമ്പനിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.