ഗ്രൂപ്പ് പോളിസികളില്‍ 12.66 ശതമാനം വര്‍ധന നേടി എല്‍ഐസി

April 20, 2022 |
|
News

                  ഗ്രൂപ്പ് പോളിസികളില്‍ 12.66 ശതമാനം വര്‍ധന നേടി എല്‍ഐസി

പ്രഥമ ഓഹരി വില്‍പ്പനയ്ക്കൊരുങ്ങുന്ന ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി മികച്ച വാര്‍ഷിക വളര്‍ച്ചയുമായി വിപണിയില്‍ മുന്നേറ്റം തുടരുന്നു. 2021-22 സാമ്പത്തിക വര്‍ഷം മൊത്തം ഗ്രൂപ്പ് പോളിസികളില്‍ (ജിആര്‍പി) 12.66 ശതമാനം വര്‍ധന നേടി. മുന്‍ വര്‍ഷത്തെ 1.28 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ഇത്തവണ 1.44 ലക്ഷം കോടി രൂപയുടെ ഗ്രൂപ്പ് പോളിസികളാണ് എല്‍ഐസി വിറ്റത്.

2021-22 വര്‍ഷം മൊത്തം 2.17 കോടി ഇന്‍ഷുറന്‍സ് പോളിസികളാണ് വില്‍പ്പന നടത്തിയത്. മുന്‍ വര്‍ഷം ഇത് 2.10 കോടി ആയിരുന്നു. ഓരോ മിനിറ്റിലും 41 പോളിസികള്‍ എന്ന തോതിലായിരുന്നു സാമ്പത്തിക വര്‍ഷം എല്‍ഐസിയുടെ വിവിധ പോളിസികളുടെ വില്‍പ്പന. ഇന്‍ഷുറന്‍സ് പോളിസി വില്‍പ്പനയില്‍ 3.54 ശതമാനം വളര്‍ച്ചയോടെ വിപണി വിഹിതം 74.51 ശതമാനത്തില്‍ നിന്നും 74.60 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു.

വ്യക്തിഗത നോണ്‍-സിംഗിള്‍ പ്രീമിയം 27,584.02 കോടി രൂപയില്‍ നിന്നും 8.82 ശതമാനം വര്‍ധിച്ച് 30,015.74 കോടി രൂപയിലെത്തി. 2,495.82 കോടി രൂപ ആയിരുന്ന വ്യക്തിഗത സിംഗിള്‍ പ്രീമിയം 61 ശമതാനം വര്‍ധിച്ച് 4,018.33 കോടി രൂപയിലെത്തി. 1.84 കോടി രൂപയായിരുന്ന മൊത്തം ആദ്യ വര്‍ഷ പ്രീമിയം 7.92 ശതമാനവും വര്‍ധിച്ച് 1.98 കോടി രൂപയിലെത്തി. ഗ്രൂപ്പ് സിംഗിള്‍ പ്രീമിയം 48.09 ശതമാനം വര്‍ധിച്ച് 30,052.86 കോടി രൂപയിലെത്തി.

മുന്‍ വര്‍ഷം ഇത് 20,294 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് എല്‍ഐസിയുടെ ജിആര്‍പി വളര്‍ച്ചയിലുള്ള വര്‍ധന 59.50 ശതമാനമാണ്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ തന്നെ എല്‍ഐസിയുടെ ഐപിഒ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സെബിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 5.39 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം. എല്‍ഐസിയുടെ 31.6 കോടി ഓഹരികളാണ് സര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്നത്.

Read more topics: # lic, # എല്‍ഐസി,

Related Articles

© 2025 Financial Views. All Rights Reserved