
എണ്ണ വ്യാപാരത്തെ ചൊല്ലി അമേരിക്കയും ഇറാനും തമ്മില്‍ ശക്തമായ തര്‍ക്കമാണ് അന്താരാഷ്ട്ര തലത്തില്‍ നിലനില്‍ക്കുന്നത്.ഇറാന്റെ എണ്ണ കയറ്റുമതിക്ക് നേരെ അമേരിക്കയ ഏര്‍പ്പെടുകത്തിയ ഉപരോധം അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ചര്‍ച്ചയാവുകയാണ്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിനിടയിലും ഏണ്ണ വ്യാപാരം തുടരുമെന്നാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൊഹാനി ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഇറാന്റെ എണ്ണ വ്യാപാരം പൂജ്യമാക്കി മാറ്റാനുള്ള അമേരിക്കന്‍ ഉപരോധത്തെ അംഗീകരിക്കില്ലെന്നും ഒപെക് രാഷ്ട്രങ്ങളെയും, അവരെ ആശ്രയിക്കുന്ന രാജ്യങ്ങളെയും അമേരിക്ക രാഷ്ട്രീയ പകപോക്കലിന് വേണ്ടി ഉപയോഗിക്കുകയാണെന്നും ഇത് അനുവദിക്കില്ലെന്നുമാണ് ഹസന്‍ റൊഹാനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
എണ്ണ കയറ്റുമതി തങ്ങള്‍ തുടരുമെന്നും വരും ദിവസങ്ങളില്‍ അമേരിക്ക അത് കാണുമെന്നും റൊഹാനി വെല്ലുവിളിക്കുന്നു. ഇറാനെ അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തികപരമായും രാഷ്ട്രീയപരമായും ഒറ്റപ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തെ തങ്ങള്‍ പ്രതിരോധിക്കുമെന്നാണ് റൂഹാനി പറയുന്നത്. ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവന ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് പുറത്തുവിട്ടത്. ഇതോടെ അമേരിക്കയും ഇറാനും തമ്മില്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും നീങ്ങുമെന്നുറപ്പായി.
ഇറാന്റെ പ്രസ്താവന സാമ്പത്തിക നിരീക്ഷകര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇറാന്റെ എണ്ണയ്ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഇറാന് വലിയ പ്രത്യാഘാതം തന്നെയാണ് ഉണ്ടാകാന്‍ പോകുന്നത്. ഇറാന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന ഒന്നാണ് എണ്ണ ഉത്പാദനം. എണ്ണ കയറ്റുമതിക്ക് നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ഇറാന് തലവേദന തന്നെയാണ്. അതുകൊണ്ടാണ് അമേരിക്കന്‍ ഉപരോധത്തെ പ്രതിരോധിക്കാന്‍ ഇറാന്‍ അന്താരാഷ്ട്ര തലത്തില്‍ മറ്റുവഴികള്‍ തേടുന്നത്.