
ഓഹരി വില എക്കാലത്തെയും ഉയരം കുറിച്ച് മുന്നേറിയതോടെ ഐആര്‍സിടിസിയുടെ വിപണിമൂല്യം 50,000 കോടി രൂപ മറികടന്നു. ചൊവാഴ്ച മാത്രം ഓഹരി വിലയില്‍ ഒമ്പത് (275 രൂപ) ശതമാനത്തിലേറെയാണ് കുതിപ്പുണ്ടായത്. 3,287 രൂപ നിലവാരത്തിലാണ് ഉച്ചകഴിഞ്ഞ് 2.30ഓടെ വ്യാപാരം നടന്നത്. രണ്ടുദിവസത്തിനിടെ ഓഹരിവിലയില്‍ 14ശതമാനമാണ് കുതിപ്പുണ്ടായത്. ഒരുമാസത്തിനിടെ 32ശതമാനവും വില ഉയര്‍ന്നു. ഈ കാലയളവില്‍ സെന്‍സെക്സിലുണ്ടായ നേട്ടം എട്ടുശതമാനംമാത്രമാണ്.
വിപണിമൂല്യം കുതിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ 88-ാംസ്ഥാനത്തെത്തി ഐആര്‍സിടിസി. അഗ്രോ കെമിക്കല്‍ കമ്പനിയായ പിഐ ഇന്‍ഡസ്ട്രീസിനെയും പൊതുമേഖല സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍)യെയും പിന്നിലാക്കിയാണ് വിപണിമൂല്യം കുതിച്ചത്. ലിക്വിഡിറ്റി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റില്‍ കമ്പനി ഓഹരി സ്പ്ലിറ്റിന് അംഗീകാരം നല്‍കിയിരുന്നു. 1ഃ5 എന്ന അനുപാതത്തിലാണ് വിഭജനം പ്രഖ്യാപിച്ചത്.