
ന്യൂഡല്‍ഹി: 2020 ജൂണ്‍ 1 മുതല്‍ സര്‍വ്വീസ് നടത്താന്‍ പോകുന്ന 200 ട്രെയിനുകളുടെ റിസര്‍വേഷന്‍ നിയമങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ ഇന്നലെ പുറത്തിറക്കി. ടിക്കറ്റിന്റെ ബുക്കിംഗ് ഇന്ന് രാവിലെ 10 മുതല്‍ ആരംഭിക്കും. ജനപ്രിയ ട്രെയിനുകളായ ദുരന്തോ, സമ്പര്‍ക്ക് ക്രാന്തീസ്, ജന്‍ ശതാബ്ദി, പൂര്‍വ എക്‌സ്പ്രസ് എന്നിവയും ഈ ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ എസി, നോണ്‍ എസി ക്ലാസുകളും പൂര്‍ണ്ണമായും റിസര്‍വ് ചെയ്ത കോച്ചുകളും ഉണ്ടായിരിക്കുമെന്നും റെയില്‍വേ അറിയിച്ചു.
ടിക്കറ്റ് ബുക്കിംഗ് ഓണ്‍ലൈന്‍ ഐആര്‍സിടിസി വെബ്സൈറ്റ് അല്ലെങ്കില്‍ ആപ്പ് വഴിയാകാം. ജൂണ്‍ 1 മുതല്‍ ആരംഭിക്കുന്ന ട്രെയിനുകളിലെ അഡ്വാന്‍സ് റിസര്‍വേഷന്‍ കാലയളവ് പരമാവധി 30 ദിവസമായിരിക്കും. എസി, നോണ്‍ എസി ക്ലാസുകളുള്ള ട്രെയിനുകള്‍ പൂര്‍ണ്ണമായും റിസര്‍വ് ചെയ്യാം. ജനറല്‍ കോച്ചുകളില്‍ ഇരിക്കാനുള്ള സീറ്റുകള്‍ ഉണ്ടായിരിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ജനറല്‍ (ജിഎസ്) കോച്ചുകളില്‍ ഇരിക്കാനുള്ള സീറ്റുകളും റിസര്‍വ് ചെയ്യാവുന്നതാണ്. അതായത് ഈ ട്രെയിനുകളില്‍ റിസര്‍വ് ചെയ്യാത്ത കോച്ച് ഉണ്ടാകില്ല.
റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ ഇഷ്യു ചെയ്യില്ല. യാത്രയ്ക്കിടെ ഒരു യാത്രക്കാരനും ടിക്കറ്റുകള്‍ നല്‍കില്ല. തത്കാലും പ്രീമിയം തത്കാല്‍ ബുക്കിംഗും അനുവദിക്കില്ല. ആര്‍എസി, വെയിറ്റ്ലിസ്റ്റ് സൃഷ്ടിക്കാമെങ്കിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉടമകള്‍ക്ക് ജൂണ്‍ 1 മുതല്‍ ട്രെയിനുകളില്‍ കയറാന്‍ അനുവാദമില്ലെന്ന് റെയില്‍വേ അറിയിച്ചു.
ഒരു റെയില്‍വേ സ്റ്റേഷനിലും ടിക്കറ്റുകള്‍ വില്‍ക്കില്ല. മാത്രമല്ല യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റ് വാങ്ങാന്‍ വരരുതെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. കുടുങ്ങിപ്പോയ കുടിയേറ്റക്കാരെ കയറ്റാന്‍ ദിവസേന 200 'ശ്രമിക് സ്പെഷ്യല്‍' ട്രെയിനുകള്‍ ഉടന്‍ തന്നെ സര്‍വ്വീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞിരുന്നു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വേ, ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളുടെ എണ്ണം ഇരട്ടിയാക്കും. എല്ലാ കുടിയേറ്റക്കാരും അവര്‍ താമസിക്കുന്നിടത്ത് തന്നെ തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു, അടുത്ത ദിവസങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേ അവരെ നാട്ടിലേക്ക് തിരിച്ചയക്കും എന്നാണ് ഗോയല്‍ ട്വീറ്റ് ചെയ്തത്.
ഇന്ത്യന്‍ റെയില്‍വേ മെയ് ഒന്നിന് ശേഷം 1,813 'ശ്രമിക് സ്പെഷ്യല്‍' ട്രെയിനുകള്‍ ഓടിക്കുകയും 22 ലക്ഷത്തിലധികം കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തുവെന്ന് റെയില്‍വേ അറിയിച്ചു. 1,813 ട്രെയിനുകളില്‍ 301 ട്രെയിനുകള്‍ ഗതാഗതത്തിലാണ്. 1,512 ട്രെയിനുകള്‍ എത്തി. 143 ലധികം ട്രെയിനുകള്‍ സര്‍വീസിലുണ്ടെന്ന് റെയില്‍വേ അറിയിച്ചു.