
ന്യൂഡല്‍ഹി: മത്സ്യബന്ധന മേഖലയിലെ അതീവ പ്രാധാന്യമുള്ള സബ്‌സിഡിയുമായി ബന്ധപ്പെട്ട ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗത്തില്‍, വികസ്വര രാഷ്ട്രങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ശക്തമായ നിലപാടുകള്‍ സ്വീകരിച്ച് വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍. വിവിധ രാഷ്ട്രങ്ങളുടെ യുക്തിരഹിതമായ സബ്‌സിഡികളും, അമിതമായ മത്സ്യബന്ധനവും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും അവരുടെ ജീവനോപാധികളെയും പ്രതികൂലമായി ബാധിക്കുന്നതായും അതുകൊണ്ടുതന്നെ കരാറിന് അന്തിമ രൂപംനല്‍കാന്‍ ഇന്ത്യ അതീവതാല്‍പര്യം പുലര്‍ത്തുന്നത് ആയും പിയൂഷ് ഗോയല്‍ നല്‍കിയ ശക്തമായ പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
ഉടമ്പടിയില്‍ കൃത്യമായ സന്തുലനവും നീതിയും കണ്ടെത്താന്‍ അംഗങ്ങള്‍ക്ക് കഴിയാത്തതിലെ നിരാശയും അദ്ദേഹം പങ്കുവെച്ചു. രാജ്യത്തെ ചെറുകിട മത്സ്യതൊഴിലാളികളെ സംരക്ഷിക്കാനും മത്സ്യബന്ധന മേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാനും പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന പ്രത്യേക താല്പര്യം കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പ്, വികസിത രാഷ്ട്രങ്ങളില്‍ പ്രത്യേകിച്ചും കാര്‍ഷികമേഖലയില്‍ അവരെ അനുകൂലിക്കുന്ന, അസമവും, വ്യാപാരത്തിന് പ്രതിസന്ധി സൃഷ്ടിച്ചതുമായ തീരുമാനങ്ങള്‍ക്ക് അനുമതി നല്‍കിയ ഉറുഗ്വായ് റൗണ്ട് ചര്‍ച്ചകളില്‍ സംഭവിച്ച തെറ്റുകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും ശ്രീ ഗോയല്‍ നല്‍കി.
നിലവിലെ മത്സ്യബന്ധന സ്ഥിതിവിശേഷങ്ങള്‍ക്ക് അനുസൃതമായി രൂപപ്പെടുത്തുന്ന അസന്തുലിതമായ കരാറുകള്‍ ഭാവിയിലെ ആവശ്യങ്ങള്‍ക്ക് പര്യാപ്തം ആവില്ല എന്ന ആശങ്കയും ശ്രീ ഗോയല്‍ പങ്കുവെച്ചു. ഈ മേഖലയില്‍ വലിയ തോതില്‍ സബ്‌സിഡി നല്‍കുന്ന രാഷ്ട്രങ്ങള്‍ മത്സ്യബന്ധന തോത്, വിതരണം ചെയ്യുന്ന സബ്‌സിഡി എന്നിവയില്‍ കുറവ് വരുത്താനുള്ള വലിയ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തെ വിവിധ രാഷ്ട്രങ്ങള്‍ വികസനത്തിന്റെ വിവിധ തലങ്ങളില്‍ ആണെന്നത് തിരിച്ചറിയാന്‍ എല്ലാത്തരം ഉടമ്പടികള്‍ക്കും കഴിയണമെന്ന് നിരീക്ഷിച്ച ശ്രീ ഗോയല്‍, മത്സ്യബന്ധന മേഖലയിലെ നിലവിലെ അവസ്ഥകള്‍ അവരുടെ വര്‍ത്തമാന സാമ്പത്തിക ശേഷിയെ പ്രതിഫലിപ്പിക്കുന്നത് ആണെന്ന് ഓര്‍മപ്പെടുത്തി. നിലവിലെയും ഭാവിയിലെയും ആവശ്യങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ സാധിക്കുന്നത് ആകണം കരാറുകള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭൂരിഭാഗം വികസ്വര രാഷ്ട്രങ്ങളും വിതരണം ചെയ്യുന്ന ആളോഹരി മത്സ്യബന്ധന സബ്‌സിഡി മത്സ്യബന്ധന മേഖലയില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുള്ള രാഷ്ട്രങ്ങളെക്കാള്‍, കുറവാണെന്ന് ഇന്ത്യയുടെ ആവശ്യങ്ങള്‍ വിശദീകരിക്കവേ അദ്ദേഹം ഓര്‍മപ്പെടുത്തി. സബ്‌സിഡികള്‍ വിതരണം ചെയ്യാന്‍ വികസിത രാജ്യങ്ങള്‍ക്ക് ഇനിയും അനുമതി നല്‍കുന്നത് അസമവും ന്യായ രഹിതവും ആണെന്നും ശ്രീ ഗോയല്‍ അഭിപ്രായപ്പെട്ടു.