
ഫാസ്റ്റ്ടാഗ് എല്ലാ ടോള്‍ബൂത്തുകളിലും നിര്‍ബന്ധമാക്കിയിരിക്കുകയാണല്ലോ? എന്നാല്‍ ഈ ഫാസ്റ്റ്ടാഗ് ഉണ്ടായിരിക്കെ ടോള്‍ബൂത്ത് പാസ് ചെയ്യുമ്പോള്‍ ഫാസ്റ്റ്ട്രാക്ക് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കിലോ കേടായിപോയാലോ നിങ്ങള്‍ക്ക് പണം നല്‍കാതെ കടന്നുപോകാമെന്ന് അറിയിച്ചിരിക്കുകയാണ് നാഷനല്‍ ഹൈവേസ് ഫീ നിയമം. വാഹനത്തില്‍ ആവശ്യത്തിന് ബാലന്‍സ് ഉള്ള,പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ്ടാഗ് ഉണ്ടായാല്‍ മാത്രംമതി. ടോള്‍ പ്ലാസയിലൂടെ കടന്നുപോകുമ്പോള്‍ ഫാസ്റ്റ്ട്രാക്ക് റീഡിങ് യന്ത്രം പ്രവര്‍ത്തിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കല്ലെന്നും ഈ നിയമം അനുശാസിക്കുന്നു.വാഹനത്തിന്റെ മുമ്പിലെ ഗ്ലാസിലാണ് ഫാസ്റ്റ്ടാഗ് പതിക്കേണ്ടത്. ഇത് ഉണ്ടായാല്‍ ക്യൂ നില്‍ക്കാതെ ടോള്‍പ്ലാസ കടന്നുപോകാം. ഫാസ്റ്റ്ടാഗ് വില്‍പ്പന സജീവമാക്കാന്‍ പല നടപടികളും അധികൃതര്‍ സ്വീകരിച്ചുവരുന്നുണ്ട്.
ജനുവരി 15 മുതല്‍ ആര്‍ടിഓ ഓഫീസുകളില്‍ ഫാസ്റ്റ്ടാഗ് കൗണ്ടര്‍ തുടങ്ങും. ടോള്‍പ്ലാസയില്‍ ഫാസ്റ്റ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. ഫാസ്റ്റ് ടാഗ് പര്‍ച്ചേസ് ചെയ്യാന്‍ ഉപഭോക്താക്കള്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും രജിസ്‌ട്രേഷന്‍ നമ്പറും നല്‍കേണ്ടതാണ്. ബാങ്ക് /വാലറ്റുകളില്‍ ആവശ്യത്തിന് പണം ലഭ്യമാണെങ്കില്‍ ഫാസ്റ്റ്ടാഗ് ഇടക്കിടെ റീചാര്‍ജ് ചെയ്യേണ്ടതില്ല. വരും നാളുകളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ടോള്‍പ്ലാസകളില്‍ മാത്രമല്ല കേരളത്തിലെ പെട്രോള്‍,ഡീസല്‍ പമ്പുകളിലും സ്വീകരിക്കുന്നതാണ്. കാത്തുകെട്ടി നില്‍ക്കാതെ ഇന്ധനം നിറച്ചുപോകാനുള്ള ഈ സംവിധാനം ഒരുപാട് സമയം നഷ്ടപ്പെടാതിരിക്കാനും സഹായിക്കുന്നു.
വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കുന്ന സ്റ്റിക്കര്‍ റീചാര്‍ജ് ചെയ്ത് ഇന്ധനം നിറയ്ക്കുന്ന രീതിയാണിത്. ടോള്‍പ്ലാസകളിലെ ഫാസ്റ്റ്ടാഗിന് സമാനമായ രീതിയാണിത്.ഒരു ലിറ്റര്‍ ഇന്ധനത്തിന്റെ വില മുതല്‍ പരമാവധി എത്ര വേണമെങ്കിലും റീ ചാര്‍ജ് ചെയ്യാം.ഇരുചക്രവാഹനങ്ങള്‍ക്ക് അനുയോജ്യമായ ചെറിയ ഫാസ്റ്റ്ടാഗ് സ്റ്റിക്കറുകളും ലഭിക്കും. പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഫാസ്റ്റ്ടാഗിന്റെ ചിത്രം എടുത്താല്‍ ഇന്ധനം നിറയ്ക്കാം. പണം പ്രത്യേകിച്ച് നല്‍കേണ്ടതില്ല. ഫാസ്റ്റ്ടാഗില്‍ നിന്ന് താനെ പണം കുറഞ്ഞുകൊള്ളു.