
ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ ഉയര്‍ന്ന പലിശ നല്‍കുന്ന ആര്‍ബിഐയുടെ സേവിങ്സ് (ടാക്സബിള്‍) ബോണ്ടുകളില്‍ നിക്ഷേപിക്കാനുള്ള അവസരം മെയ് 28 വരെ മാത്രം. മെയ് 27നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ബാങ്ക് പുറത്തിറക്കിയത്. വ്യാഴാഴ്ച ബാങ്ക് സമയത്തിനുള്ളില്‍ നിക്ഷേപിച്ചാല്‍ മാത്രമെ, കൂടുതല്‍ പലിശ നല്‍കുന്ന സര്‍ക്കാര്‍ സെക്യൂരിറ്റിയുള്ള പദ്ധതിയില്‍ പണം മുടക്കാനാകൂ.
ബാങ്കുകള്‍ ശരാശരി ആറു ശതമാനം പലിശ നല്‍കുന്നിടത്താണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള ബോണ്ടുകള്‍ക്ക് 7.75ശതമാനം വാര്‍ഷിക പലിശ വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകള്‍ വഴി ആര്‍ക്കും ബോണ്ടുകളില്‍ നിക്ഷേപം നടത്താം.
ഏഴു വര്‍ഷമാണ് ബോണ്ടുകളുടെ കാലാവധി. മുതിര്‍ന്ന പൗരന്മാര്‍ക്ക് നേരത്തെ പണം പിന്‍വലിക്കാന്‍ അനുവദിക്കും. 60 നും 70 നും ഇടയില്‍ വയസ്സുള്ളവര്‍ക്ക് ആറുവര്‍ഷം കഴിഞ്ഞാല്‍ പണം പിന്‍വലിക്കാം. 70 നും 80 നും ഇടയിലുള്ളവര്‍ക്ക് അഞ്ചുവര്‍ഷവും 80 നുമുകളിലുള്ളവര്‍ക്ക് നാലു വര്‍ഷവും കഴിഞ്ഞാല്‍ പണം തിരിച്ചെടുക്കാന്‍ കഴിയും.
വ്യക്തികള്‍ക്ക് പരമാവധി എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. ചുരുങ്ങിയ നിക്ഷേപം 1000 രൂപയാണ്. കാലാവധിയെത്തുമ്പോള്‍ മൊത്തമായോ അല്ലെങ്കില്‍ ആറുമാസം കൂടുമ്പോഴോ പലിശ പിന്‍വലിക്കാന്‍ കഴിയും. 2018 ജനുവരി 10 നാണ് ബോണ്ട് ആര്‍ബിഐ പുറത്തിറക്കിയത്.