പ്രശ്‌ന പരിഹാരത്തിനും ഇടപാടുകള്‍ വേഗത്തിലാക്കാനും കൃത്രിമ ബുദ്ധിയെ ആശ്രയിക്കാന്‍ ഐടി ഭീമന്മാര്‍; പദ്ധതിക്കായി ഒഴുക്കുക ശതകോടികള്‍; അത്ഭുതം സൃഷ്ടിക്കാന്‍ വിപ്രോയും ഇന്‍ഫോസിസും ടിസിഎസും

August 16, 2019 |
|
News

                  പ്രശ്‌ന പരിഹാരത്തിനും ഇടപാടുകള്‍ വേഗത്തിലാക്കാനും കൃത്രിമ ബുദ്ധിയെ ആശ്രയിക്കാന്‍ ഐടി ഭീമന്മാര്‍; പദ്ധതിക്കായി ഒഴുക്കുക ശതകോടികള്‍; അത്ഭുതം സൃഷ്ടിക്കാന്‍ വിപ്രോയും ഇന്‍ഫോസിസും ടിസിഎസും

ബെംഗലൂരു: പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ക്രമക്കേട് കണ്ടെത്തുന്നതിനും മുതല്‍ ഇടപാടുകള്‍ വേഗത്തിലാക്കാന്‍ വരെ കൃത്രിമ ബുദ്ധിയെ ആശ്രയിക്കാനുള്ള നീക്കത്തിലാണ് ഐടി ഭീമന്മാര്‍. ഇതോടെ കമ്പനിയുടെ വളര്‍ച്ച വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ്  രാജ്യത്തെ മുന്‍നിര കമ്പനികളായ ടിസിഎസും ഇന്‍ഫോസിസും വിപ്രോയും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമിലൂടെ ഓരോ ഇടപാടുകാര്‍ക്കും ഒരേ സമയം സേവനം നല്‍കുന്നത് മുതലുള്ള പദ്ധതികളാണ് കമ്പനി ആവിഷ്‌കരിക്കുന്നത്.

നിലവില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ടിസിഎസ് ഇഗ്നിയോ, ഇന്‍ഫോസിസ് നിയ, വിപ്രോ ഹോംസ് എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ടിസിഎസ് ഇഗ്നിയോ മാത്രമാണ് സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്നത്.  ഏകദേശം 60 മില്യണ്‍ യുഎസ് ഡോളറാണ് ഇവരുടെ വരുമാനം. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ 100 മില്യണ്‍ യുഎസ് ഡോളറിലേക്ക് വരുമാനം എത്തിക്കുന്നതിനുള്ള നീക്കത്തിലാണ് തങ്ങളെന്ന് ടിസിഎസ് വ്യക്തമാക്കി. സര്‍വീസ് മേഖലകളിലാണ് ഇന്‍ഫോസിസ് നിയ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

വിപ്രോയുടെ ഹോംസ് കമ്പനിയുടെ 1250 ക്ലൈന്റുകളില്‍ 350 എണ്ണത്തിന് സേവനം നല്‍കി വരുന്നു. ഇത്തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ക്രമക്കേട് കണ്ടെത്തുന്നത് മുതല്‍ ഇന്‍വോയിസ് തയാറാക്കുന്നത് വരെ നടപ്പാക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടല്‍. 1950ലാണ് കൃത്രിമബുദ്ധി എന്ന ആശയം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. ഏതാണ്ട് 70 വര്‍ഷം പിന്നിടുമ്പോള്‍ ഈ സാങ്കേതികവിദ്യ വളര്‍ന്ന് നമുക്ക് ചിന്തിക്കാന്‍പോലും പറ്റാത്തവിധം ലോകത്തിന്റെ ഭാവിതന്നെ മാറ്റിമറിക്കാന്‍ കഴിവുള്ള ഒന്നായി മാറിയിരിക്കുന്നു.

എന്നാല്‍, പലര്‍ക്കും കൃത്രിമബുദ്ധി എന്നാല്‍ എന്താണെന്ന് അറിയില്ല. ചിലരതിനെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ 'യെന്തിരന്‍'പോലുള്ള സിനിമയുമായി ബന്ധിപ്പിക്കുന്നു.  കൃത്രിമബുദ്ധി എന്ന സാങ്കേതികവിദ്യയെ മനുഷ്യബുദ്ധിയില്‍നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ പഠനത്തിലുള്ള വേഗവും വ്യാപ്തിയുമാണ്. ചുറ്റുപാടുകള്‍ കണ്ടുമനസ്സിലാക്കാനും ശബ്ദവും ഭാഷയും തിരിച്ചറിയാനും ഇതെല്ലാം ഉപയോഗിച്ച് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും കഴിയും. അനുഭവങ്ങളില്‍നിന്ന് പഠിച്ചുകൊണ്ട് ബുദ്ധി സ്വന്തമായി ശക്തിപ്പെടുത്താനുമുള്ള കഴിവ് കൃത്രിമബുദ്ധിക്കുണ്ട്. 

വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ ശാഖ വളരുകയും മനുഷ്യബുദ്ധിയെ നിഷ്പ്രഭമാക്കുകയും ചെയ്യും. ഗവേഷകര്‍ പറയുന്നതനുസരിച്ച് 100 വര്‍ഷത്തിനുള്ളില്‍ കൃത്രിമബുദ്ധിക്ക് ഒട്ടുമിക്ക മനുഷ്യജോലികളും അനായാസമായി ചെയ്യാന്‍ സാധിക്കുമെന്നാണ്. ഡേറ്റ സയന്‍സ്, ആരോഗ്യമേഖല, പ്രതിരോധം, ബഹിരാകാശം, വിദ്യാഭ്യാസം എന്നിങ്ങനെ കൃത്രിമബുദ്ധി കടന്നുചെല്ലാത്ത മേഖലകള്‍ ഇല്ലെന്നുതന്നെ പറയാം.

Related Articles

© 2024 Financial Views. All Rights Reserved