
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഐടി മേഖലയിൽ വർക് ഫ്രം ഹോം നടപ്പാക്കിയിരുന്നു. ലോക്ക്ഡൗണിനും മുമ്പ് തന്നെ ഐടി മേഖലയിൽ പരിചിതമായിരുന്നു വർക് ഫ്രം ഹോം എന്നതിനാൽ ആർക്കും അതിൽ വലിയ പുതുമ തോന്നിയിരുന്നുമില്ല. അമേരിക്കൻ-ഇംഗ്ലീഷ് കമ്പനികൾക്കായി വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ അതിന് മുമ്പും കേരളത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഐടി മേഖലയെ പ്രതികൂലമായി ബാധിക്കില്ല എന്നായിരുന്നു കണക്കുകൂട്ടലുകൾ. എന്നാൽ, പ്രതീക്ഷിച്ചതിന് നേർ വിപരീതമായാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെയുള്ള സമ്പന്ന രാജ്യങ്ങളിൽ കോവിഡ് പടർന്ന് പിടിച്ചതോടെ അത്തരം രാജ്യങ്ങൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഐടി കമ്പനികൾ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതേ തുടർന്ന് പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്ക്കലുമെല്ലാം ജീവനക്കാരെ അലട്ടുന്നു.
അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഐ.ടി.കമ്പനികളുടെ ഇടപാടുകാരേറെയും. കോവിഡ് മൂലം ഈ രാജ്യങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. തൊഴിൽ നഷ്ടവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരിനു കീഴിലുള്ള മൂന്ന് ഐ.ടി. പാർക്കുകളിലുമായി 800-ലേറെ കമ്പനികളുണ്ടെന്നാണ് കണക്ക്. ഒരു ലക്ഷത്തിലേറെപ്പേരാണ് ഇവിടെ ജോലിചെയ്യുന്നത്. ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്.
‘അമേരിക്കയിലെയും ബ്രിട്ടനിലെയും പല കമ്പനികളും പ്രോജക്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. തത്‌കാലത്തേക്ക് പദ്ധതി നടപ്പാക്കുന്നില്ലെന്നാണ് അവരറിയിച്ചത്’- സംസ്ഥാനത്തെ ഒരു ഐ.ടി. കമ്പനിയുടെ ഉന്നത പ്രതിനിധി പറഞ്ഞു. ഭാവിപദ്ധതികളിലല്ല, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജോലികൾ നഷ്ടമാകാതിരിക്കാനാണ് കമ്പനികൾ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രാവൽ, ഹോസ്പിറ്റാലിറ്റി, എയർലൈൻസ്, റീട്ടെയ്ൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫിനാൻഷ്യൽ സർവീസസ്, മാനുഫാക്ചറിങ് എന്നീ മേഖലകളിലെല്ലാം തൊഴിൽനഷ്ടത്തിന് സാധ്യത വിലയിരുത്തിയിട്ടുണ്ട്.
പല കമ്പനികളിലും പ്രതിസന്ധി പ്രകടമാണ്. ശമ്പളത്തിൽ കുറവുണ്ടാകുമെന്നും ഇൻക്രിമെന്റ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തത്‌കാലം നൽകാനാകില്ലെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. പുതിയ നിയമനങ്ങൾ നിർത്തിവെച്ചു. നിയമനങ്ങൾക്കുള്ള അറിയിപ്പും പലരും പിൻവലിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ജീവനക്കാരിൽ ഭൂരിഭാഗവും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഇതുമൂലം ജോലിക്ഷമതയിൽ കുറവുവന്നതായും വിലയിരുത്തലുണ്ട്. ഏറെ പ്രതിസന്ധിയിലായിരിക്കുന്നത് ചെറുകിട കമ്പനികളും സ്റ്റാർട്ടപ്പുകളുമാണ്.
ഐടി കമ്പനികൾക്ക് 75 ശതമാനം ബിസിനസ് നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇത് മറികടക്കാൻ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കേണ്ടി വരുമെന്നും കമ്പനികൾ പറയുന്നു. കേരള സ്‌റ്റാർട്ടപ് മിഷൻ 580 സ്‌റ്റാർട്ടപ്പുകളിലായി നടത്തിയ പഠനത്തിൽ പകുതിയിലേറെ സ്ഥാപനങ്ങൾക്കും കോവിഡ് തിരിച്ചടിയായതായി കണ്ടെത്തി. വിനോദ സഞ്ചാര മേഖലയിലും റിയൽ എസ്‌റ്റേറ്റ് രംഗത്തും പ്രവർത്തിക്കുന്നവയെയാണ് കൂടുതൽ ബാധിച്ചത്. 14 ശതമാനം സ്‌റ്റാർട്ടപ്പുകളുടെ പ്രവർത്തനവും നിലച്ചു.
പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസ് മുഖ്യമന്ത്രിക്ക് കത്തുനൽകി. ആർക്കും ജോലി നഷ്ടമാകില്ലെന്ന് ഉറപ്പിക്കാൻ സർക്കാർ ഇടപെടണം. കോവിഡിനുശേഷമുള്ള സാഹചര്യം വിലയിരുത്താൻ കമ്മിറ്റിയുണ്ടാക്കണം. കർമപദ്ധതിയുണ്ടാക്കണം.
ജീവനക്കാരുടെ ആശങ്ക പരിഹരിക്കാൻ ഐ.ടി.വകുപ്പ് ഹെൽപ്പ്‌ലൈൻ തുടങ്ങണം. കമ്പനിയിൽ നിന്നുള്ള അസൈന്മെന്റിന്റെ ഭാഗമായി പലരും വിദേശത്താണ്. അവർക്കായി ഹെൽപ്പ്‌ലൈൻ തുടങ്ങണം. നികുതിയിളവ് ഉൾപ്പെടെയുള്ള പിന്തുണയും അത്യാവശ്യമാണെന്ന് പ്രോഗ്രസീവ് ടെക്കീസ് സംസ്ഥാന പ്രസിഡന്റ് അനീഷ് പന്തലാനിയും ജനറൽ സെക്രട്ടറി പി. ആനന്ദും ആവശ്യപ്പെട്ടു.
പ്രതിസന്ധി നേരിടുന്ന ഐടി വ്യവസായത്തിന് സർക്കാർ പിന്തുണ വേണമെന്ന് ഐടി കമ്പനികളുടെ കൂട്ടായ്‌മയായ ജിടെക്ക് (ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്) ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് വൻ നാശം വിതച്ചതാണ് കേരളത്തിലെ ഐടി കമ്പനികൾക്ക് തിരിച്ചടിയായത്. ഒരു ലക്ഷത്തിലധികം ജീവനക്കാരെ ഇത് ബാധിക്കുമെന്ന് കണക്കാക്കുന്നു. ഈ സാഹചര്യത്തിൽ ജിടെക്കും ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയും സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
ഐ ടി കമ്പനികളെ സഹായിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കുക, കൂടുതൽ സഹായത്തിനായി കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുക, ഐടി പാർക്കുകളിൽ ആറു മാസത്തേക്കുള്ള വാടക ഒഴിവാക്കുക, വൈദ്യുതി സബ്‌സിഡി നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഈ മേഖലയിലുള്ളവർ ആവശ്യപ്പെടുന്നത്. പൂർത്തിയാക്കിയ സർക്കാർ പദ്ധതികളുടെ കുടിശ്ശിക ഉടൻ നൽകണമെന്നും വായ്‌പകൾക്ക് മൂന്നു മാസത്തെ മൊറട്ടോറിയം അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. കമ്പനികളിലെ പ്രതിസന്ധി പഠിക്കാൻ പ്രത്യേകം സമിതി രൂപീകരിക്കുക, ഐ ടി ജീവനക്കാർക്കായി ക്ഷേമനിധി ബോർഡും പരാതി പരിഹാര സെല്ലും രൂപീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാനായി മുന്നോട്ട് വെയ്ക്കുന്നുണ്ട്.