
മുംബൈ: കൊവിഡ് -19 കാരണം ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) ചെലവാക്കല്‍ 2020 ല്‍ 8.1 ശതമാനം കുറയാന്‍ സാധ്യതയുളളതായി റിപ്പോര്‍ട്ട്. ഗവേഷണ -ഉപദേശക സ്ഥാപനമായ ഗാര്‍ട്ട്‌നറാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാകും ഇത്.
കൊവിഡ് -19 പകര്‍ച്ചവ്യാധി മൂലം ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ഭയം ഇന്ത്യയിലെ സിഐഒമാരെ (ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍) ഈ വര്‍ഷം അവരുടെ ഐടി ചെലവുകളില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു എന്ന് ഗാര്‍ട്ട്‌നറിലെ മുതിര്‍ന്ന ഗവേഷണ ഡയറക്ടര്‍ നവീന്‍ മിശ്ര പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ആഭ്യന്തര ഐടി ചെലവ് കുറയുന്നത്. 2020 ല്‍ ആഗോള ഐടി ചെലവില്‍ 300 ബില്യണ്‍ ഡോളര്‍ കുറയുമെന്ന് ഗാര്‍ട്ട്‌നര്‍ കഴിഞ്ഞ മാസം പ്രവചിച്ചിരുന്നു.
ഇന്ത്യയിലെ സിഐഒകള്‍ അവരുടെ നിലവിലുള്ള ഉപകരണത്തിന്റെ ഹാര്‍ഡ്വെയര്‍ ആസ്തികളുടെ ജീവിത ചക്രങ്ങള്‍ വിപുലീകരിക്കുന്നതിന് കൂടുതല്‍ പരി?ഗണന നല്‍കും. ഇത് പുതിയ വാങ്ങലുകള്‍ വൈകാന്‍ ഇടയാക്കും. ഇതിനുപുറമെ, 2020 ന്റെ ആദ്യ പാദത്തില്‍ ഉപഭോക്തൃ ഡിമാന്‍ഡ് കുറയാനും ഇടയാക്കുമെന്നും ഗവേഷണ സ്ഥാപനം അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ ഉപകരണങ്ങള്‍ക്കും ഡാറ്റാ സെന്റര്‍ സിസ്റ്റങ്ങള്‍ക്കുമായുള്ള ചെലവ് 2020 ല്‍ യഥാക്രമം -(15.1) ശതമാനവും -(13.2) ശതമാനവും കുറയുമെന്ന് ഗാര്‍ട്ട്‌നര്‍ പ്രതീക്ഷിക്കുന്നു.