ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ടിവികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഐടെല്‍

March 02, 2021 |
|
News

                  ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ടിവികള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഐടെല്‍

ന്യൂഡല്‍ഹി: ഐടെല്‍ ഇന്ത്യയില്‍ തങ്ങളുടെ ആന്‍ഡ്രോയ്ഡ് ടിവികള്‍ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ടെലിവിഷന്‍ വന്‍ വിജയമായിരുന്നു. മാര്‍ച്ചില്‍ പുതിയ ആന്‍ഡ്രോയ്ഡ് ടെലിവിഷനുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന സ്ഥിരീകരിച്ച റിപ്പോര്‍ട്ട്.

ഈയിടെ സിഎംആര്‍ നടത്തിയ സര്‍വേ അനുസരിച്ച്, 7,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണ്‍ സെഗ്മെന്റിലെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡായും 5,000 രൂപയില്‍ താഴെ വിലയുള്ള സെഗ്മെന്റിലെ ലീഡറായും ഐടെലിനെയാണ് തെരഞ്ഞെടുത്തത്.   

ഫ്രെയിംലെസ് പ്രീമിയം ഐഡി ഡിസൈന്‍, ഉയര്‍ന്ന നിറ്റുകളോടെ അള്‍ട്രാ ബ്രൈറ്റ് ഡിസ്പ്ലേ, ഡോള്‍ബി ഓഡിയോ സഹിതം പവര്‍ഫുള്‍ സൗണ്ട് ക്വാളിറ്റി തുടങ്ങിയ സവിശേഷതകളോടെ ആയിരിക്കും പുതിയ ടിവികള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആദ്യ ഘട്ടത്തില്‍ 32 ഇഞ്ച്, 43 ഇഞ്ച് ടിവികള്‍ വിപണിയിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള മാസങ്ങളില്‍ 55 ഇഞ്ച് ടെലിവിഷന്‍ പുറത്തിറക്കും.

സാങ്കേതികവിദ്യയെ ജനാധിപത്യവല്‍ക്കരിക്കാനും അത് താങ്ങാവുന്ന വിലയില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയുമാണ് ഐടെലിന്റെ കാഴ്ച്ചപ്പാട്. ടെലിവിഷനുകള്‍ക്ക് താങ്ങാവുന്ന വില പ്രതീക്ഷിക്കാം. ഒപ്പം ട്രെന്‍ഡിയും മികച്ചതുമായ സാങ്കേതിക സവിശേഷതകള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും. മി, റിയല്‍മി, ടിസിഎല്‍ തുടങ്ങിയ ബ്രാന്‍ഡുകളെയാണ് പുതിയ ലോഞ്ച് വഴി ഐടെല്‍ വെല്ലുവിളിക്കുന്നത്.

Read more topics: # ഐടെല്‍, # itel,

Related Articles

© 2025 Financial Views. All Rights Reserved