
ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കാനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടി. നിലവിലെ 2020 ഡിസംബര്‍ 31 എന്ന അവസാനതീയതി 2021 ജനുവരി 10 വരെയാണ് നീട്ടിയിട്ടുള്ളത്. 2020 ഡിസംബര്‍ 30 ലെ പത്രക്കുറിപ്പനുസരിച്ച്, അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട ആവശ്യമില്ലാത്തവരും സാധാരണയായി ഐടിആര്‍ -1 അല്ലെങ്കില്‍ ഐടിആര്‍ -4 ഫോമുകള്‍ ഉപയോഗിച്ച് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്കുമാണ് സമയപരിധി നീട്ടുന്നത്.
ഇത് മൂന്നാം തവണയാണ് ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി സര്‍ക്കാര്‍ നീട്ടുന്നത്. ആദ്യം സാധാരണ സമയപരിധി ജൂലൈ 31 മുതല്‍ 2020 നവംബര്‍ 30 വരെയും തുടര്‍ന്ന് 2020 ഡിസംബര്‍ 31 വരെയും തീയതി നീട്ടിയിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ആദായനികുതി റിട്ടേണ്‍ യഥാസമയം സമര്‍പ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് പരിഗണിച്ചാണ് കാലാവധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
പത്രക്കുറിപ്പനുസരിച്ച്, മറ്റ് നികുതിദായകര്‍ക്ക് (ഓഡിറ്റ് ചെയ്യേണ്ട അക്കൗണ്ടുകള്‍-ഒരു സ്ഥാപനത്തിന്റെ പങ്കാളികള്‍ ഉള്‍പ്പെടെ) അല്ലെങ്കില്‍ അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടവരുടെ സമയപരിധി 2021 ഫെബ്രുവരി 15 വരെ നീട്ടിയിട്ടുണ്ട്. ടാക്സ് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന തീയതി 2021 ജനുവരി 15 ലേക്കും സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. വിവാദ് സേ വിശ്വാസ് സ്‌കീം പ്രകാരം ഫര്‍ണിഷിംഗ് പ്രഖ്യാപനത്തിന്റെ അവസാന തീയതിയും 2021 ജനുവരി 31 വരെ നീട്ടി.