
ന്യൂഡല്‍ഹി: നികുതിദായകര്‍ക്ക് ആശ്വാസ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിഗത നികുതിദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി ഡിസംബര്‍ 31 വരെയാക്കി. കൂടാതെ, ഓഡിറ്റ് ചെയ്യേണ്ട നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍സ് (ഐടിആര്‍) നല്‍കേണ്ട തീയതി 2021 ജനുവരി 31 വരെ നീട്ടി.
കൊവിഡ് -19 പകര്‍ച്ചവ്യാധി മൂലം പ്രതിസന്ധിയിലായ നികുതിദായകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ ഐടിആര്‍ സമര്‍പ്പിക്കുന്നതിനുള്ള വിവിധ തീയതികള്‍ ജൂലൈ 31 മുതല്‍ നവംബര്‍ 30 വരെ സര്‍ക്കാര്‍ നേരത്തെ നീട്ടിയിരുന്നു.
'നികുതിദായകര്‍ക്ക് ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിനുള്ള അവസാന തീയതി നിയമപ്രകാരം ജൂലൈ 31 ആയിരുന്നു, ഇത് 2020 ഡിസംബര്‍ 31 വരെ നീട്ടി. അന്താരാഷ്ട്ര / നിര്‍ദ്ദിഷ്ട ആഭ്യന്തര ഇടപാടുകളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കേണ്ട നികുതിദായകര്‍ക്ക് ഐടിആര്‍ നല്‍കാനുള്ള അവസാന തീയതി 2021 ജനുവരി 31 വരെയും നീട്ടി,' കേന്ദ്ര ബോര്‍ഡ് (സിബിഡിടി) പ്രസ്താവനയില്‍ പറഞ്ഞു.