
2020-21 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള പരിഷ്‌കരിച്ച ഐടിആര്‍ ഫോമുകള്‍ പുറത്തിറക്കി. ഐടിആര്‍ ഒന്ന് മുതല്‍ ഏഴുവരെയുള്ള ഫോമുകളാണ് ഏപ്രില്‍ ഒന്നിന് പുറത്തിറക്കി വിജ്ഞാപനം ചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് ഫോമുകളില്‍ കാര്യമായി മാറ്റമൊന്നും വരുത്തിയിട്ടില്ല.
1961ലെ ആദായനികുതി നിയമങ്ങളിലെ ഭേദഗതികള്‍ക്കനുസരിച്ചുള്ള മാറ്റം മാത്രമാണ് ഫോമുകളിലുള്ളത്. ഓരോ ഫോമിലും നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ഭാഗം പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐടിആര്‍ ഫോം ഒന്ന്(സഹജ്), ഐടിആര്‍ ഫോം 4 (സുഗം) എന്നിവയാണ് ഏറ്റവും കൂടുതല്‍ പേര്‍ നല്‍കുന്നത്. ശമ്പള വരുമാനക്കാരും 50 ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരുമാണ് സഹജ് ഉപയോഗിക്കേണ്ടത്.
ഹൗസ് പ്രോപ്പര്‍ട്ടി, പലിശ ഉള്‍പ്പടെയുള്ള മറ്റു വരുമാനമുള്ളവര്‍ക്കും ഈ ഫോം തന്നെയാണ്. 50 ലക്ഷം രൂപവരെ വരുമാനമുള്ള വ്യക്തികള്‍, ഹിന്ദു അവിഭക്തകുടുംബങ്ങള്‍, എല്‍എല്‍പി ഒഴികെയുള്ള സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും ബിസിനസ്, പൊഫഷനന്‍ എന്നിവയില്‍നിന്ന് വരുമാനമുള്ളവരുമാണ് ഐടിആര്‍ 4 (സുഗം) ഫോം നല്‍കേണ്ടത്.