
2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 30 വരെ നീട്ടുന്നതായി ആദായനികുതി വകുപ്പ് പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യം തങ്ങള്‍ പൂര്‍ണമായി മനസിലാക്കുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതായും ചെയ്യുന്നുണ്ടെന്ന് ശനിയാഴ്ച നടത്തിയ ഒരു ട്വീറ്റിലൂടെ ആദായനികുതി വകുപ്പ് വ്യക്തമാക്കി. നിലവിലെ നടപടി നികുതിദായകരെ കാര്യങ്ങള്‍ നന്നായി ആസൂത്രണം ചെയ്യാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വകുപ്പ് കൂട്ടിച്ചേര്‍ത്തു. 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി ലാഭിക്കല്‍ നിക്ഷേപങ്ങള്‍/ പേയ്മെന്റുകള്‍ക്കുള്ള സമയപരിധി ജൂലൈ 31 വരെ ആദായനികുതി വകുപ്പ് വ്യാഴാഴ്ച നീട്ടിയതിന് തൊട്ടുപിന്നാലെയാണ് അടുത്ത പ്രഖ്യാപനവും എത്തുന്നത്.
തല്‍ഫലമായി, നികുതിദായകര്‍ക്ക് നികുതിദായകര്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ 31 വരെ ആദായനികുതി നിയമപ്രകാരം കിഴിവുകള്‍ ക്ലെയിം ചെയ്യുന്നതിനായി നിക്ഷേപം നടത്താന്‍ സാധിക്കുന്നതാണ്. 80 സി (ലൈഫ് ഇന്‍ഷുറന്‍സ്), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫക്കറ്റ് (എന്‍എസ്സി), ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്‌കീം (ഇഎല്‍എസ്എസ്) തുടങ്ങി വിവിധ വിഭാഗങ്ങളില്‍ കിഴിവുകള്‍ ക്ലെയിം ചെയ്യാവുന്നതാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ടിഡിഎസ്/ ടിഡിഎസ് സ്റ്റേറ്റ്മെന്റുകള്‍ നല്‍കാനുള്ള സമയപരിധി ഈയടുത്ത് ആദായനികുതി വകുപ്പ് നീട്ടിയിരുന്നു. ഇതിനുപുറമെ, ടിഡിഎസ്/ ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകളുടെ ഇഷ്യൂ ഓഗസ്റ്റ് 15 വരെ നീട്ടി.
'കൊവിഡ് 19, ലോക്ക്ഡൗണ്‍ എന്നിവ മൂലമുള്ള ഇപ്പോഴത്തെ ദുര്‍ഘടമായ സാഹചര്യത്തെക്കുറിച്ച് മനസിലാക്കുന്നതുകൊണ്ടാണ് ഞങ്ങള്‍ സമയപരിധി നീട്ടുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ടിഡിഎസ്/ ടിഡിഎസ് സ്റ്റേറ്റ്മെന്റുകള്‍ നല്‍കുന്നത് ഇപ്പോള്‍ 2020 ജൂലൈ 31 വരെ നീട്ടിയിരിക്കുന്നു,' ആദായനികുതി വകുപ്പ് വ്യക്തമാക്കി. 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ടിഡിഎസ്/ ടിഡിഎസ് സര്‍ട്ടിഫിക്കറ്റുകള്‍ 2020 ഓഗസ്റ്റ് 15 വരെ നീട്ടിയെന്നും വകുപ്പ് അറിയിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഒറിജിനല്‍, പുതുക്കിയ വരുമാന-നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി 2020 ജൂലൈ 31 വരെ നീട്ടിയതായി കേന്ദ്രം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തെ (അസസ്സ്മെന്റ് ഇയര്‍ 2020-21) ആദായനികുതി റിട്ടേണ്‍ നല്‍കേണ്ട തീയതി 2020 നവംബര്‍ 30 വരെ നീട്ടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) പ്രസ്താവനയില്‍ അറിയിച്ചു.