ഒളിവ് ജീവിതം മതിയാക്കി ജാക് മാ; മാസങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു

January 20, 2021 |
|
News

                  ഒളിവ് ജീവിതം മതിയാക്കി ജാക് മാ; മാസങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു

ആലിബാബയുടെയും ആന്റിന്റെയും സ്ഥാപകന്‍ ജാക് മാ നീണ്ട ഇടവേളയ്ക്കുശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. കോടീശ്വരനായ അദ്ദേഹം ചൈനീസ് സര്‍ക്കാരിന്റെ അപ്രീതിക്ക് പാത്രമായതിനെതുടര്‍ന്ന് നിരവധി ഊഹോപോഹങ്ങള്‍ വാണിജ്യലോകത്ത് പ്രചരിച്ചിരുന്നു. ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അധ്യാപകരെ അഭിസംബോധന ചെയ്താണ് ജാക്മായുടെ രണ്ടാം വരവ്. ഗ്രാമീണ അധ്യാപകര്‍ക്കായുള്ള അനുമോദന ചടങ്ങിലാണ് അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടത്.

ഷാങ്ഹായിലെ ഒരു പരിപാടിയില്‍ ചൈനീസ് സര്‍ക്കാരിനെയും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും വിമര്‍ശിച്ചതോടെയാണ് ജാക്ക് മായ്ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ആലിബാബക്കു നേരെയും അന്വേഷണം നീണ്ടു. ജാക്ക് മായെ ഏറെക്കാലം പൊതുവേദിയില്‍ കാണാതായതോടെയാണ് അഭ്യൂഹം പരന്നത്.

വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ജാക് മാ ധരിച്ചിരുന്ന വസ്ത്രം കറുത്ത നിറത്തിലുള്ളതായിരുന്നു. ചൈനീസ് സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണം അദ്ദേഹത്തിന്റെമേലുണ്ടെന്ന സൂചനയായാണ് ഇതിനെ ലോകം വിലയിരുത്തുന്നത്. മുഖം മ്ലാനവുമായിരുന്നു.

സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനെതുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മുതലാണ് ജാക് മാ പൊതുവേദിയില്‍ നിന്ന് അകന്നത്. അദ്ദേഹത്തിന്റെ തന്നെ ടാലന്റ് ഷോയായ ആഫ്രിക്കാസ് ബിസിനസ് ഹീറോസിന്റെ ഫൈനല്‍ എപ്പിസോഡില്‍ ജൂറിയായി എത്തുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് ജാക് മായുടെ 'അപ്രത്യക്ഷമാകല്‍' ലോകം ശ്രദ്ധിച്ചത്.

Related Articles

© 2021 Financial Views. All Rights Reserved