
ആഗോള ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരില്‍ മുമ്പനായ ആലിബാബയുടെ അമരക്കാരന്‍ ജാക്ക് മാ പടിയിറങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബിസിനസ് ലോകത്തെ ഏറ്റവും വലിയ ചര്‍ച്ചയായിരിക്കുന്നത്. ഇരുപത് വര്‍ഷം മുന്‍പ് തുടങ്ങിയ സ്ഥാപനം ഇന്ന് 29 ലക്ഷം കോടി രൂപ മൂല്യമുള്ളതാണ്. 1990 കാലയളവില്‍ ഒരു ജോലിയ്ക്കായി ഒട്ടേറെ കഷ്ടപ്പെട്ട ജാക്ക് മാ വെറും 800 രൂപ ശമ്പളത്തില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ കെഎഫ്‌സിയില്‍ ജോലിയ്ക്ക് അപേക്ഷിച്ച 24 പേരില്‍ 23 പേര്‍ക്കും ജോലി ലഭിച്ചപ്പോള്‍ ജാക്ക് മാ മാത്രം മാറ്റി നിര്‍ത്തപ്പെട്ടു.
30ല്‍ അധികം അപേക്ഷകളാണ് ജാക്ക് മാ ജോലിക്കായി അയയ്ച്ചത്. എന്നാല്‍ അവിടെയും അദ്ദേഹത്തിന് പരാജയമാണ് രുചിക്കേണ്ടി വന്നത്. ജാക്ക് മാ എന്ന് പേര് ഏവര്‍ക്കും അറിയാമെങ്കിലും മാ യുന്‍ എന്ന അദ്ദേഹത്തിന്‍രെ പേര് ആര്‍ക്കും അത്ര പരിചിതമല്ല. ആലിബാബ എന്ന ഓണ്‍ലൈന്‍ സ്‌റ്റോര്‍ 1999ല്‍ ജാക്ക് മാ ആരംഭിക്കുമ്പോള്‍ തന്റെ 17 സുഹൃത്തുക്കളുടെ പിന്തുണ മാത്രമാണുണ്ടായിരുന്നത്.
മാ യുന്‍ എന്ന ജാക്ക് മാ എന്ന് ലോകം വിളിക്കുന്ന ആലിബാബയുടെ ഉടമയുടെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഇന്റര്‍നെറ്റിന്റെ സാധ്യത തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്തിയതാണ് ജാക്ക് മായെ ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാക്കിയത്. 18 പേരെ വെച്ച് വെറും 1.40 ലക്ഷം രൂപ മുടക്കി ആരംഭിച്ച ആലിബാബയുടെ ഇന്നത്തെ മൂല്യം 29 ലക്ഷം കോടി രൂപയാണ്. വെറും 20 വര്‍ഷം കൊണ്ടാണ് ഈ നേട്ടം ആലിബാബ കൈവരിച്ചത്. ഇന്ന് ഒരു ലക്ഷത്തിലേറെ പേര്‍ ആലിബാബയില്‍ ജോലി ചെയ്യുന്നു.ഒരു ദിവസം ആലിബാബയുടെ വെബ്‌സൈറ്റിലെത്തി ഉത്പന്നങ്ങള്‍ വാങ്ങുന്നവരുടെ എണ്ണം 10 കോടിയാണ്.
55 വയസാകുമ്പോള്‍ വിരമിക്കുമെന്ന് നേരത്തെ തന്നെ ജാക്ക് മാ പ്രഖ്യാപിച്ചിരുന്നു. സഹപ്രവര്‍ത്തകനായ ഡാനിയല്‍ സാങിന് ചെയര്‍മാന്‍ സ്ഥാനം കൈമാറിയാണ് ജാക്ക് മാ പടിയിറങ്ങുന്നത്. അടുത്ത വര്‍ഷം വരെ ആലിബാബയുടെ ബോര്‍ഡില്‍ അദ്ദേഹം തുടരും. തന്റെ പഴയ അധ്യാപക ജോലിയിലേക്ക് മടങ്ങി പോവുകയാണ് ജാക്ക് മാ. കൂടാതെ സാമൂഹ്യ സേവനത്തിനായി ഒരു ഫൗണ്ടേഷന്‍ തുടങ്ങാനും അദ്ദേഹത്തിന് പദ്ധതിയുണ്ട്.