
ജമ്മു കശ്മീര്‍: ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതിന് പിന്നാലെ ജമ്മു കശ്മീരിലേക്കായിരുന്നു ഏവരുടേയും ശ്രദ്ധ. എന്നാലിപ്പോള്‍ ഇവിടേയ്ക്ക് വിവിധ ബിസിനസ് മേഖലയിലുള്ളവര്‍ക്ക് അവസരമൊരുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ മഹമ്മൂദ് അഹമ്മദ് ഷാ അറിയിച്ചു. ജമ്മു കശ്മീരിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ ജമ്മു കശ്മീര്‍ പൂര്‍ണമായും കേന്ദ്ര ഭരണ പ്രദേശമായി മാറും.
മാത്രമല്ല നവംബറില്‍ ശ്രീനഗറില്‍ വെച്ച് നിക്ഷേപകരുടെ സമ്മേളനം നടക്കുന്നുണ്ട്. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടു വരുന്നതിന് മുന്നോടിയായി മഹാരാഷ്ട്രാ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ അധികൃതരുമായി ചര്‍ച്ച നടന്നെന്നും മഹമ്മൂദ് അഹമ്മദ് ഷാ അറിയിച്ചു. ഡ്രൈ ഫ്രൂട്ട്‌സ്, ആപ്പിള്‍ പ്രോസസിങ് പ്ലാന്റുകള്‍, വിദ്യാഭ്യാസം, ആരോഗ്യ രംഗം, ടൂറിസം തുടങ്ങി വിവിധ മേഖലകളില്‍ നിക്ഷേപം നടത്തുന്നതിനുള്ള വന്‍ അവസരങ്ങളാണ് ജമ്മു കശ്മീര്‍ തുറക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും തുടര്‍ന്നുമുണ്ടായ കേന്ദ്ര തീരുമാനങ്ങളെ തുടര്‍ന്ന് പുറത്തുനിന്നുള്ളവര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങുന്നതിനു വഴിതുറക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. എന്നാല്‍, കശ്മീര്‍ വിഭജനത്തിനു ശേഷം ഒരു മാസത്തോളമായിട്ടും വന്‍ സുരക്ഷയും കടുത്ത നിയന്ത്രണങ്ങളും തുടരുകയാണ്. ആശയവിനിമയത്തിനും പൊതുഗതാഗതച്ചിവും കടുത്ത തടസ്സം നേരിടുകയാണ്.
സംഘര്‍ഷ സാധ്യത ഇല്ലാതാക്കാനെന്ന പേരില്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്തിരിക്കുകയാണ്. ഒരു മാസത്തിനുള്ളില്‍ സ്ഥിതി മെച്ചപ്പെടുമെന്ന് അവകാശപ്പെട്ടാണ് ജമ്മു കശ്മീര്‍ വാണിജ്യ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.കെ ചൗധരി ആഗോള നിക്ഷേപക ഉച്ചകോടി പ്രഖ്യാപിച്ചത്.