
ടോക്കിയോ: ആര്‍സിഇപി കരാറില്‍ ഇന്ത്യയില്ലെങ്കില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ജപ്പാന്‍. വാണിജ്യ,വ്യവസായവകുപ്പുകളുടെ ഉപമന്ത്രി ഹിഡെകിമക്കിഹാരയാണ് ഇക്കാര്യം അറിയിച്ചത്. ആര്‍സിഇപിയില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റത്തിന് പിന്നാലെ പതിനഞ്ച് രാജ്യങ്ങള്‍ കരാറുമായി മുമ്പോട്ട് പോകുന്ന സാഹചര്യത്തിലാണ് അദേഹത്തിന്റെ പ്രസ്താവന. ഇന്ത്യയുമായി നിരവധി നയതന്ത്ര,സഹകരണപദ്ധതികള്‍ക്ക് ജപ്പാന്‍ നീക്കം നടത്തുന്നുണ്ട്.
ഇന്ത്യയുടെയും ജപ്പാന്റെയും പ്രതിരോധവകുപ്പ് മന്ത്രിമാര്‍ ഈ ആഴ്ച ഉഭയകക്ഷി ചര്‍ച്ചയ്ക്ക് തീരുമാനം എടുത്തിട്ടുണ്ട്. ക്വാഡ് എന്നറിയപ്പെടുന്ന നാലുരാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ യുഎസ്,ഓസ്‌ട്രേലിയ,ഇന്ത്യ,ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് പങ്കാളികള്‍.ആര്‍സിപിയില്‍ ഇന്ത്യയെ പങ്കാളിയാക്കി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഇതിനിടെ ജപ്പാന്‍ ആരംഭിച്ചിട്ടുണ്ട്. വരുന്ന മാസം പ്രധാനമന്ത്രി ഷിന്‍സൊ ആബെയുമായി ഇന്ത്യ നടത്താനിരിക്കുന്ന ചര്‍ച്ചകളില്‍ താനും പങ്കെടുക്കുമെന്ന് മക്കിഹാര വ്യക്തമാക്കി.
ആസിയാന്‍ അംഗങ്ങളടക്കം 15 രാജ്യങ്ങള്‍ക്ക് വേണ്ടി രാജ്യത്തെ വിപണി തുറന്നുകൊടുക്കുന്ന സ്വതന്ത്രവ്യാപാര കരാറില്‍ അവസാന നിമിഷമാണ് പ്രധാനമന്ത്രി പിന്മാറിയിരുന്നത്.
കരാര്‍ അന്തിമമാവുന്ന 2020 വരെ തങ്ങള്‍ക്കുള്ള ഉറപ്പുകള്‍ക്കായി പരിശ്രമിച്ചുകൊണ്ടിരിക്കുമെന്ന സൂചന മോദി നല്‍കി കഴിഞ്ഞു. താത്കാലികമായതെങ്കിലും ഈ തീരുമാനം ഇന്ത്യന്‍ വ്യവസായ മേഖലകളുടെ സ്വപ്നങ്ങള്‍ക്കുള്ള തിരിച്ചടിയെന്നാണ് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.
സ്വതന്ത്ര കരാറില്‍ പങ്കാളികളാകുന്നതോടെ ഇന്ത്യന്‍ വിപണി മലക്കെ തുറന്നിടേണ്ടി വരുമെന്ന ഭയം പ്രധാനമന്ത്രി ബാങ്കോക് ഉച്ചകോടിയില്‍ പങ്കുവെച്ചു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ വിപണികളിലൊന്നായ ഇന്ത്യയിലേക്കുള്ള ചൈനീസ് കടന്നുകയറ്റം എങ്ങിനെ നിയന്ത്രിച്ചു നിര്‍ത്താകുമെന്ന ചോദ്യവും മോദി ഉയര്‍ത്തി. ഈ രണ്ടു കാര്യങ്ങളില്‍ ഉറപ്പുനല്‍കുന്ന നടപടികള്‍ വേണമെന്നാണ് ഇന്ത്യ ഉച്ചകോടിയില്‍ ആവശ്യപ്പെട്ടിരുന്നു.
2020ല്‍ കരാര്‍ അന്തിമമാകുന്നത് വരെ ഈ ഉറപ്പുകള്‍ക്കുള്ള പരിശ്രമം രാജ്യം തുടരുമെന്ന് ബാങ്കോക് ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കളും പങ്കുവെക്കുന്നു. ഇന്ത്യയുടെ പിന്മാറ്റത്തെ ഒരു ചെറിയകാര്യമായല്ല മറ്റുരാജ്യങ്ങള്‍ കാണുന്നത്. കരാറിലേക്ക് ഇന്ത്യ മടങ്ങിവരുമെന്ന പ്രതീക്ഷയാണ് മറ്റുരാജ്യങ്ങളുടെ തലവന്മാര്‍ പങ്കുവെക്കുന്നത്. നിലവില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളില്‍ നട്ടെല്ല് തകര്‍ന്നിരിക്കുന്ന രാജ്യത്തെ ഉല്‍പ്പാദന,കാര്‍ഷിക,ചെറുകിട വ്യവസായ മേഖലകള്‍ ആര്‍ഇസിപി കരാറോടുകൂടി പൂര്‍ണമായും തകര്‍ന്നടിയും.