
മുല്ലപ്പൂവിന് ആവശ്യക്കാര്‍ കൂടിയതോടെ വില കുതിക്കുകയാണ്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 600- 700 രൂപ മാത്രമുണ്ടായിരുന്ന മുല്ലപ്പൂവിന് ഇപ്പോള്‍ കിലോയ്ക്ക് 1,000 രൂപ കടന്നിരിക്കുകയാണ്. അപ്രതീക്ഷിതമായെത്തിയ മഴ മുല്ലപ്പൂവ് വരവ് കുറച്ചതും വില കുതിച്ചയരാനുള്ള കാരണമായി. കൊവിഡ് നിയന്ത്രങ്ങള്‍ മാറിയതോടെ വിവാഹങ്ങളും, ഉത്സവങ്ങളും, ആഘോഷങ്ങളും ഉച്ചസ്ഥായിലെത്തിയതും വില കുതിക്കാനുള്ള കാരണമായി.
സാധാരണ കിലോയ്ക്ക് 400 രൂപ വിലയാണ് മുല്ലപ്പൂവിനുള്ളത്. എന്നാല്‍ എല്ലാ വര്‍ഷവും ഉത്സവ, വിവാഹ സീസണ്‍ സമയങ്ങളില്‍ വില കുതിച്ചുയരാറുണ്ട്. കേരളത്തില്‍ ആവശ്യത്തിനു കൃഷിയില്ലെന്നതു തന്നെയാണ് ഇതിനു കാരണം. കൊവിഡിനു മുമ്പുള്ള വര്‍ഷം കേരളത്തില്‍ ഒരു കിലോ മുല്ലപ്പൂവിന് 7,000 രൂപവരെ വില ഉയര്‍ന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പൂ വില ഇനിയും ഉയരുമെന്നാണു വ്യാപാരികള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ ഒരു ദിവസം 500 കിലോയിലധികം മുല്ലപ്പൂവ് എത്തുന്നുണ്ട്.