
വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് കൈവശം വച്ചിരിക്കുകയായിരുന്നു. ബില്‍ ഗേറ്റ്സും ഏറെക്കുറേ ഇതുപോലെ ആയിരുന്നു. ബില്‍ ഗേറ്റ്സില്‍ നിന്നായിരുന്നു ലോകസമ്പന്നന്റെ പട്ടം ജെഫ് ബെസോസ് സ്വന്തമാക്കിയതും. എന്നാല്‍ വളരെ പെട്ടെന്ന് ലോകസമ്പന്നന്‍മാരുടെ പട്ടികയിലേക്ക് ഉയര്‍ന്ന ഇലോണ്‍ മസ്‌ക് ഒരു സുപ്രഭാതത്തില്‍ ജെഫ് ബെസോസിനേയും ലോകത്തേയും ഞെട്ടിച്ച് സമ്പത്തില്‍ ഒന്നാമതെത്തി. ഇപ്പോഴിതാ, ജെഫ് ബെസോസിനേയും ഇലോണ്‍ മസ്‌കിനേയും ഞെട്ടിച്ച് ഒരു പുതിയ ലോക സമ്പന്നന്‍ ഉദയം ചെയ്തു. എന്നാല്‍, അധിക നേരം ആ ഒന്നാം സ്ഥാനം നിലനിന്നില്ല.
ലക്ഷ്വറി ബ്രാന്‍ഡ് ആയ എല്‍വിഎംഎച്ചിന്റെ ഉടമയാണ് ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട്. ഫ്രഞ്ചുകാരനാണ്. കുറച്ച് കാലമായി ആദ്യ പത്ത് ലോക സമ്പന്നരുടെ പട്ടികയിലും ഉണ്ട് ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട്. 72 വയസ്സാണ് ഇദ്ദേഹത്തിന്റെ പ്രായം. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ ഒരു ഘട്ടത്തില്‍ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട് മറികടന്നു. ഫോര്‍ബ്സിന്റെ റിയല്‍ ടൈം ബില്യണയര്‍ പട്ടികയില്‍ ആയിരുന്നു അര്‍നോള്‍ട്ട് ഒന്നാം സ്ഥാനത്ത് എത്തിയത്. ഇലോണ്‍ മസ്‌ക് മൂന്നാം സ്ഥാനത്ത് തുടരുകയും ചെയ്തു.
ഒരു ഘട്ടത്തില്‍ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടിന്റെ ആസ്തിമൂല്യം 1863 ബില്യണ്‍ ഡോളറില്‍ എത്തി. ആ സമയത്ത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തിമൂല്യം 168 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഇലോണ്‍ മസ്‌കിന്റെ ആസ്തിമൂല്യം 147.3 ബില്യണും. കഴിഞ്ഞ 14 മാസം കൊണ്ട് ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടിന്റെ ആസ്തിമൂല്യത്തില്‍ ഉണ്ടായ വര്‍ദ്ധന ഞെട്ടിപ്പിക്കുന്നതാണ്. 110 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. 2020 മാര്‍ച്ച് മാസത്തില്‍ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടിന്റെ ആസ്തിമൂല്യം 76 ബില്യണ്‍ ഡോളര്‍ ആയിരുന്നു.
ഫെന്‍ഡി, ക്രിസ്ത്യന്‍ ഡയോര്‍ തുടങ്ങിയ ബ്രാന്‍ഡുകളും എല്‍വിഎംഎച്ചിന് കീഴില്‍ വരുന്നുണ്ട്. തിങ്കളാഴ്ച വിപണിയുടെ ആദ്യ മണിക്കൂറുകളില്‍ ഓഹരി മൂല്യത്തില്‍ 0.4 ശതമാനം വളര്‍ച്ചയാണ് നേടിയത്. ഇതോടെ എല്‍വിഎംഎച്ചിന്റെ മാര്‍ക്കറ്റ് ക്യാപിറ്റല്‍ 320 ബില്യണ്‍ ഡോളറില്‍ എത്തിയിരുന്നു. അര്‍നോള്‍ട്ടിന്റെ ആസ്തിയില്‍ മാത്രം 600 മില്യണ്‍ ഡോളറിന്റെ വര്‍ദ്ധനയുണ്ടായി.
അല്‍പ നേരത്തേക്കായിരുന്നു ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ടിന്റെ ഒന്നാം സ്ഥാനം നിലനിന്നത്. വിപണി മുന്നോട്ട് പോയപ്പോള്‍ ജെഫ് ബെസോസ് തന്നെ ഒന്നാം സ്ഥാനത്ത് തിരികെ എത്തുകയും ചെയ്തു. ഫോര്‍ബിസിന്റെ റിയല്‍ ടൈം ബില്യണയര്‍ ലിസ്റ്റ് പ്രകാരം നേരിയ വ്യത്യാസമേ രണ്ട് പേരും തമ്മിലുള്ളു. ബ്ലൂംബെര്‍ഗിന്റെ ബില്യണയര്‍ ഇന്‍ഡക്സ് പ്രകാരം ഏതാണ് 25 ബില്യണ്‍ ഡോളറിന്റെ വ്യത്യാസമുണ്ട് ബെസോസും അര്‍നോള്‍ട്ടും തമ്മില്‍.