
ന്യൂഡല്‍ഹി: ജെറ്റിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ കൂടുതല്‍ നിക്ഷേപകരെ ആവശ്യമാണ്. കടക്കെണിയിലായ ജെറ്റ് എയര്‍വെയ്‌സിനെ ഏറ്റെടുക്കാന്‍ ആരും ഇതുവരെ കടന്നു വന്നിട്ടില്ല. എന്നാലിപ്പോള്‍ പുതിയ നിക്ഷേപകരെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ് എസ്ബിഐ. ജെറ്റില്‍ നിലവില്‍ ഓഹരിയുള്ള എത്തിഹാദ് എയര്‍വെയ്‌സും, ബാങ്കുകളും ലണ്ടനിലെ ഹിന്ദുജ ഗ്രൂപ്പിനെ സമീപിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കോടീശ്വരന്‍മാരാണ് ഹിന്ദുജ സഹോദരന്‍മാര്‍. ജെറ്റിനെ ഹിന്ദുജ സഹോദരന്‍മാര്‍ ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയില്ല. അതേസമയം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എസ്ബിഐ ഇപ്പോള്‍ ചര്‍ച്ച നടത്തി വരികയാണെന്നാണ് പ്രമുഖ ദേശീയ പത്രം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
എത്തിഹാദ് ഹിന്ദുജ ഗ്രൂപ്പ് മേധാവി ജിപി ഹിന്ദുജയുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. രാജ്യാന്തര തലത്തില്‍ ഹിന്ദുജാ ഗ്രൂപ്പിന് നിരവധി നിക്ഷേപങ്ങളാണ് ഉള്ളത്. ജെറ്റിനെ ഹിന്ദുജ ഗ്രൂപ്പ് ഏറ്റെടുത്താല്‍ കൂടുതല്‍ ഗുണകരമാകുമെന്നാണ് എസ്ബിഐയും, എത്തിഹാദും ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. അതേസമയം ജെറ്റ് എയര്‍വെയ്‌സില്‍ 1,700 കോടി രൂപയിലധികം നിക്ഷേപം നടത്തില്ലെന്ന് എത്തിഹാദ് എയര്‍വെയ്‌സ് നേരത്തെ പറഞ്ഞിരുന്നു. നിലവില്‍ ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരിയില്‍ 24 ശതമാനത്തില്‍ കൂടുതല്‍ പങ്കാളിയാകില്ലെന്നാണ് എത്തിഹാദ് വ്യക്തമാക്കിയിട്ടുള്ളത്.