
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ച വിമാനക്കമ്പനിയാണ് ജെറ്റ്എയര്‍വെയ്‌സ്. പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും ഇപ്പോഴും പാതിവഴിയിലാണുള്ളത്. അതേസമയം ജെറ്റ് എയര്‍വെയ്‌സിന്റെ ലേലത്തിന് താത്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇത് ഓഗസ്റ്റ് ആദ്യവാരമായിരുന്നു കമ്പനി നിശ്ചയിച്ചിരുന്നത്. അതേസമയം ജെറ്റ് എയര്‍വെയ്സിനെ ഏറ്റെടുക്കാന്‍ മറ്റ് കമ്പനി ഗ്രൂപ്പുകളും താത്പര്യപൂര്‍വ്വം എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കമ്പനിയുടെ പ്രതിസന്ധി ഇതോടെ പരിഹരിക്കപ്പെടുമെന്നാണ് വിവരം.
ജീവനക്കാരുടെ ശമ്പളമടക്കം കൊടുക്കാന്‍ പറ്റാതെ ജെറ്റ് എയര്‍വെയ്സ് പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കമ്പനിയുടെ ഒടുവിലത്തെ പ്രതീക്ഷയും സ്വപ്നവുമായ അനില്‍ അഗര്‍വാളിന്റെ പിന്‍മാറ്റം വലിയ തിരിച്ചടായാകുന്നത്. നിലവില്‍ മൂന്ന് കമ്പനികളാണ് ജെറ്റ് എയര്‍വെയ്സിനെ ഏറ്റെടുക്കാന്‍ താത്പര്യവുമായി രംഗത്തെത്തിയിട്ടുള്ളത്. ഫാര്‍മ്മസ്യൂട്ടിക്കല്‍ അധിഷ്ടിതമായ സ്ഥാപനമായ അവാന്റുലോ ഗ്രൂപ്പ്, റഷ്യന്‍ സ്ഥാപനമായ ആര്‍ഐ ക്രിയേറ്റര്‍ എന്നിവരാണ് താത്പര്യ പത്രവുമായി രംഗത്തെത്തിയിട്ടുള്ളത്.
സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ ജെറ്റ് എയര്‍വെയ്‌സില്‍ കൂടുതല്‍ നിക്ഷേപം ഓഗസ്റ്റ് 31 ന് ശേഷം എത്തിയില്ലെങ്കില്‍ കമ്പനിയുടെ തിരിച്ചുവരവ് ഇനിയുണ്ടായേക്കില്ലെന്നാണ് വ്യവസായ ലോകത്തെ പ്രമുഖര്‍ വിലയിരുത്തുന്നത്. അതേസമയം ജെറ്റിന്റെ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ലെങ്കില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയെ ഗുരുതരമായി ബാധിക്കുമെന്നുറപ്പാണ്. ആഭ്യന്തര സര്‍വീസിലും, അന്താരാഷ്ട്ര സര്‍വീസലും വലിയ പ്രത്യാഘാതമാണ് ജെറ്റ് ഇപ്പോള്‍ നേരിടുന്നത്. ബാങ്കുകള്‍ നിയന്ത്രണം ഏറ്റെടുത്തതോടെ ജെറ്റ് എയര്‍വേസിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചുപോയതോടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ എത്താത്തത് വലിയ പ്രതിസന്ധികള്‍ക്കാണ് ഇടയാക്കിയത്.
എന്നാല്‍ 25 കൊല്ലത്തെ സേവന പാരമ്പര്യമാണ് ജെറ്റ് എയര്‍വെയ്‌സിനുള്ളത്. 1993 ലാണ് ജെറ്റ് എയര്‍വേസ് വിമാന കമ്പനി സ്ഥാപിക്കുന്നത്. 124 വിമാനങ്ങളുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയായിരുന്നു കഴിഞ്ഞ ജനുവരി വരെ ജെറ്റ് എയര്‍വേസ്. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും ലാഭത്തിലും മുന്‍പന്തിയിലും പ്രവര്‍ത്തിച്ചിരുന്ന ജെറ്റ് എയര്‍വേസ് അടുത്തിടെയാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്. അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതിന് പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതോടെ കടം വര്‍ധിക്കുകയും ജീവനക്കാരുടെ ശമ്പള വിതരണം ഉള്‍പ്പെടെ മുടങ്ങുകയുമായിരുന്നു. നിലവില്‍ 100 കോടി ഡോളറിന്റെ കടമാണ് ജെറ്റ് എയര്‍വേസിനുള്ളത്.