
മുംബൈ: ജെറ്റ് എയര്‍വേസിലെ പൈലറ്റുമാര്‍ ഏപ്രില്‍ ഒന്നിന് തുടങ്ങാനിരുന്ന സമരം ഏപ്രില്‍ 15 ലേക്ക് മാറ്റി. പൈലറ്റുമാരുടെ തീരുമാനം ജെറ്റ് എയര്‍വേസിന് താത്കാലികമായ ആശ്വസമാണ് നല്‍കുന്നത്. മാസങ്ങളായി മുടങ്ങി കിടക്കുന്ന ശമ്പള കുടിശ്ശിക കൊടുത്തു വീട്ടാന്‍ ജെറ്റ് എയര്‍വേസിന് പൈലറ്റുമാരുടെ സംഘടന ഏപ്രില്‍ 15 വരെ അവധി നല്‍കിയിരിക്കുകയാണ്.
അതേസമയം മുടങ്ങി കിടക്കുന്ന ശമ്പളം മാര്‍ച്ച് 31 ന് കൊടുത്തു വീട്ടണമെന്നാണ് പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ ഏവിയേറ്റേര്‍സ് ഗിള്‍ഡിന്റെ മുന്നറിയിപ്പുണ്ടായിരുന്നത്. മുംബൈയില്‍ ഇന്നലെ ചേര്‍ന്ന പൈലറ്റുമാരുടെ യോഗമാണ് സമരം താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ജെറ്റ് എയര്‍വേസിലെ 1600 പൈലറ്റുമാരില്‍ 1100 പൈലറ്റുമാരുടെ അംഗ ബലം തങ്ങള്‍ക്കുണ്ടെന്ന് എന്‍എജി അവകാശപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയിലായ ശേഷം ജെറ്റ് എയര്‍വേസ് മാസങ്ങളോളമാണ് പൈലറ്റുമാര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ കഴിയാതിരുന്നത്.കഴിഞ്ഞ വര്‍ഷം അവസാന മാസങ്ങളിലാണ് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ക്ക് ശമ്പളം നല്‍കാതെ നിന്നത്. വാടക കൊടുക്കാത്തതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനങ്ങളെല്ലാം ജപ്തി ചെയ്യുകയും ചെയ്തു. 200 ല്‍ പരം വിമാനങ്ങളുണ്ടായിരുന്ന ജെറ്റ് എയര്‍വേസിന് 50 ല്‍ താഴെ വിമാനം മാത്രമാണ് ഇപ്പോഴുള്ളത്. ജെറ്റ് എയര്‍വേസിന്റെ പൂര്‍ണ നിയന്ത്രണം ഇപ്പോള്‍ ബാങ്കുകള്‍ക്കാണ്.