
ന്യൂഡല്‍ഹി: മാര്‍ച്ചില്‍ മികച്ച വരുമാനം രേഖപ്പെടുത്തിയ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡും ഭാരതി എയര്‍ടെലും വയര്‍ലെസ് സേവനങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചാലേ ദീര്‍ഘകാലത്തേക്ക് വളര്‍ച്ചയുണ്ടാകൂവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം ലൈവ് മിന്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിലയന്‍സ് ജിയോയുടെ വരുമാനം 18.9 ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചത്. എയര്‍ടെലിന്റേത് 17.6 ശതമാനവും വര്‍ധിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് വരെ ജിയോ 15.4 ദശലക്ഷം സബ്‌സ്‌ക്രൈബര്‍മാരെ കൂട്ടിച്ചേര്‍ത്തു. ഇതോടെ കഴിഞ്ഞ മൂന്ന് പാദവാര്‍ഷികങ്ങളിലെ ശരാശരി സബ്‌സ്‌ക്രൈബര്‍ വളര്‍ച്ച 7.5 ദശലക്ഷമായി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള അവസാന സാമ്പത്തിക പാദത്തില്‍ എയര്‍ടെലിന് 13.4
ദശലക്ഷം ഉപഭോക്താക്കളാണ് വര്‍ധിച്ചത്.
ഫെബ്രുവരിയില്‍ പുറത്തിറക്കിയ ജിയോഫോണ്‍ ഓഫറായിരിക്കാം ജിയോയ്ക്ക് മികച്ച വളര്‍ച്ച നേടിക്കൊടുത്തതെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. എന്നാല്‍ 4ജി, 5ജി സൗകര്യങ്ങളുടെ മേലുള്ള നിക്ഷേപവും സ്‌പെക്ട്രം ലേലത്തുകയും കണക്കാക്കുമ്പോള്‍ ജിയോയ്ക്കും എയര്‍ടെലിനും മുന്നില്‍ നിരക്ക് വര്‍ധനവല്ലാതെ മറ്റ് വഴികളില്ലെന്നാണ് വിലയിരുത്തല്‍. ഐസിഐസിഐ സെക്യുരിറ്റീസ്, ഗോള്‍ഡ്മാന്‍ സാക്‌സ്, ജെപി മോര്‍ഗന്‍ തുടങ്ങിയവയെല്ലാം ഈ അഭിപ്രായമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
വോഡഫോണ്‍ ഐഡിയ ഇതുവരെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാന കണക്ക് പുറത്ത് വിട്ടിട്ടില്ല. ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം എയര്‍ടെലിന് 145 ആണ്. മാര്‍ച്ചില്‍ അവസാനിച്ച പാദവാര്‍ഷികത്തിലെ കണക്കാണിത്. മൂന്നാം പാദവാര്‍ഷികത്തിലെ 166 രൂപയില്‍ നിന്നാണ് 145 ലേക്ക് ഇടിഞ്ഞത്. ഒക്ടോബര്‍-ഡിസംബര്‍ കാലത്ത് ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 151 രൂപയായിരുന്ന ജിയോയുടേത് നാലാം പാദവാര്‍ഷികത്തില്‍ 138 രൂപയിലേക്ക് ഇടിഞ്ഞു.