
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഒരു മാസം കാലാവധിയില്‍ പ്ലാനുകള്‍ അവതരിപ്പിക്കണമെന്ന് മൊബൈല്‍ സേവനദാതക്കളോട് ആവശ്യപ്പെട്ട് ട്രായ്. കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചര്‍, സ്പെഷ്യല്‍ താരീഫ് വൗച്ചര്‍, ഒരു കോംമ്പോ വൗച്ചര്‍ എന്നിവ അനുവദിക്കണമെന്നാണ് ട്രായ് നിലപാട്. ഈ പ്ലാനുകള്‍ എല്ലാ മാസവും ഒരേ തിയതിയില്‍ പുതുക്കാന്‍ സാധിക്കുന്നവ ആയിരിക്കണം.
പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് സമാനമായി മാസത്തില്‍ എത്ര ദിവസമുണ്ടോ അത്രയും നാള്‍ ഉപയോഗിക്കാനാവുന്ന പ്ലാനുകളാണ് ടെലികോം കമ്പനികള്‍ നടപ്പാക്കേണ്ടത്. ഇത് കൂടാതെ 30 ദിവസത്തെ കാലവധിയിലും കുറഞ്ഞത് ഒരു ഒരു പ്ലാന്‍ വൗച്ചര്‍, സ്പെഷ്യല്‍ താരീഫ് വൗച്ചര്‍, ഒരു കോംമ്പോ വൗച്ചര്‍ എന്നിവയും അവതരിപ്പിക്കണം. പുതിയ പ്ലാനുകള്‍ നടപ്പാക്കാന്‍ കമ്പനികള്‍ക്ക് ബില്ലിംഗ് സിസ്റ്റത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിനായി 60 ദിവസത്തെ സമയവും ട്രായ് അനുവദിച്ചിട്ടുണ്ട്.
എന്നാല്‍ ഒരു മാസം കാലവധിയുള്ള പ്ലാനുകള്‍ അവതരിപ്പിക്കുന്നത് പ്രായോഗികമല്ലെന്നാണ് ടെലികോം കമ്പനികളുടെ നിലപാട്. നിലവില്‍ 24 28 56 84 ദിവസം കാലാവധിയിലുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് കമ്പനികള്‍ നല്‍കുന്നത്. നിലവില്‍ ഭൂരിഭാഗം ഉപഭോക്താക്കളും തെരഞ്ഞെടുക്കുന്നത് 28 ദിവസത്തെ പ്ലാനുകളാണ്. ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം 13 തവണയാണ് റീചാര്‍ജ് ചെയ്യേണ്ടി വരിക. ഒരു മാസത്തെ പ്ലാനാണെങ്കില്‍ റീചാര്‍ജുകളുടെ എണ്ണം 12 ആക്കി ചുരുക്കാം. ഫിക്സഡ് ബില്‍ ഉള്ള പോസ്റ്റ്പെയ്ഡ് കണക്ഷനുകള്‍ പോലെ പ്രീപെയ്ഡ് പ്ലാനുകളെ പരിഗണിക്കാനാവില്ലെന്നും ദിവസങ്ങളുടെ എണ്ണം മാറി വരുന്ന മാസങ്ങളില്‍ ഏതൊക്കെ സേവനങ്ങള്‍ അനുവദിക്കണമെന്ന കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ടെലികോം കമ്പനികള്‍ അറിയിച്ചു.