
5 ജി സേവനവുമായി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ. ലോകോത്തര നിലവാരത്തിലുള്ള 5 ജി സേവനം ഇന്ത്യയില്‍ ആരംഭിക്കാന്‍ ജിയോ 5 ജി സൊല്യൂഷന്‍സ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചു. സ്പെക്ട്രം ലഭ്യമാകുമ്പോള്‍ തന്നെ ഈ 5 ജി ഉല്‍പ്പന്നം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്നും മറ്റ് ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് 5 ജി പരിഹാരത്തിനായി ജിയോ പ്ലാറ്റ്‌ഫോംസ് സേവനം വാഗ്ദാനം ചെയ്യുമെന്നും മുകേഷ് അംബാനി പറഞ്ഞു.
ഈ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച്, മാധ്യമങ്ങള്‍, ധനകാര്യ സേവനങ്ങള്‍, പുതിയ വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, സ്മാര്‍ട്ട് സിറ്റികള്‍, സ്മാര്‍ട്ട് മൊബിലിറ്റി എന്നിവ പോലുള്ള ഒന്നിലധികം വ്യവസായ മേഖലകളില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാനാകുമെന്നും മുകേഷ് അംബാനി പറഞ്ഞു.
5 ജി സേവനത്തിനായുള്ള ഉപകരണങ്ങള്‍ മുഴുവന്‍ ജിയോ ജീവനക്കാരാണ് നിര്‍മ്മിച്ചതെന്ന് പറയുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സ്പെക്ട്രം അനുവദിച്ചുകഴിഞ്ഞാല്‍ ഇത് പ്രവര്‍ത്തനക്ഷമമാക്കാന്‍ തയ്യാറാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 43-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ആകാശ് അംബാനിയും പറഞ്ഞു.
വ്യത്യസ്തമേഖലകളില്‍ 5 ജി അടിസ്ഥാനമാക്കിയുള്ള നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കഴിയും. മാധ്യമം, ധനകാര്യം, ഇ-കൊമേഴ്‌സ്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സ്മാര്‍ട്ട് സിറ്റി, സ്മാര്‍ട്ട് മൊബിലിറ്റി തുടങ്ങിയ സാധ്യകള്‍ പ്രയോജനപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് മാതൃകയില്‍ ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കും. ജിയോ ടിവി പ്ലസ് എന്നപേരിലായിരിക്കും ഇത് അറിയപ്പെടുക. വോയ്‌സ് സര്‍ച്ച് സാങ്കേതികവിദ്യ ഇതില്‍ ഉപയോഗിക്കും.
വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍, ടിവി ചാനലുകള്‍, വിവിധ എന്റര്‍ടെയ്‌മെന്റ്-ന്യൂസ് ആപ്പുകള്‍ എന്നിവയിലെ കണ്ടന്റ് ഒറ്റ ലോഗിനില്‍ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ലോകത്തിലെ ഏറ്റവും മുന്‍നിരക്കാരായ 12 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കണ്ടന്റ് ഒറ്റ ലോഗിനില്‍ ലഭിക്കും. ലഭിക്കുന്ന പ്ലാറ്റ്‌ഫോമുകളില്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ എന്നിവ ഉള്‍പ്പെടുന്നു.
ഗൂഗിളുമായി കൈകോര്‍ത്ത് വിലകുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണ്‍ വികസിപ്പിക്കാനുള്ള ഒരുക്കങ്ങളും റിലയന്‍സ് ജിയോ തുടങ്ങി. ഇതുവരെ 100 മില്യണ്‍ ജിയോ ഫോണുകള്‍ റിലയന്‍സ് വിറ്റുകഴിഞ്ഞു. പക്ഷെ ഇപ്പോള്‍ ഫീച്ചര്‍ ഫോണുകളില്‍ നിന്നും സ്മാര്‍ട്‌ഫോണുകളിലേക്ക് മാറാന്‍ ഒരു വലിയ വിഭാഗം ജനത ആഗ്രഹിക്കുന്നുണ്ട്. ഇവര്‍ക്കായി 4ജി, 5ജി ശേഷിയുള്ള പ്രാരംഭ മോഡല്‍ സ്മാര്‍ട്‌ഫോണ്‍ റിലയന്‍സ് ജിയോ വൈകാതെ പുറത്തിറക്കുമെന്ന് മുകേഷ് അംബാനി അറിയിച്ചു. പദ്ധതിക്കായി ഗൂഗിളുമായി കമ്പനി സഹകരിക്കും. ആന്‍ട്രോയ്ഡ് അധിഷ്ടിത വിലകുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണാണ് റിലയന്‍സ് ജിയോ വിപണിയിലെത്തിക്കുക.
3 ഡി ആശയവിനിമയം, ഹോളോഗ്രാഫിക് ഉള്ളടക്കങ്ങള്‍ എന്നിവയ്ക്കായി റിലയന്‍സ് പുതിയ ജിയോ ഗ്ലാസ് പ്രഖ്യാപിച്ചു. 3 ഡി അവതാറുകള്‍, ഹോളോഗ്രാഫിക് ഉള്ളടക്കം, സാധാരണ വീഡിയോ കോണ്‍ഫറന്‍സിംഗ് സവിശേഷതകള്‍ എന്നിവ ഉപയോഗിച്ച് വിര്‍ച്വല്‍ സ്പേസ് കൂടുതല്‍ സംവേദക്ഷമമാക്കുകയാണ് പുതിയ ഉല്‍പ്പന്നത്തിന്റെ ലക്ഷ്യം. ജിയോ ഗ്ലാസിന്റെ ഭാരം വെറും 75 ഗ്രാം ആണ്.
വ്യക്തിഗത ഓഡിയോ സംവിധാനവും, സ്മാര്‍ട്ട്ഫോണിലേക്ക് ബന്ധിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു കേബിളും ഗ്ലാസിനൊപ്പം ലഭിക്കും. കൊറോണ പ്രതിസന്ധി സമയത്ത് ജോലികളും കുട്ടികളുടെ വിദ്യാഭ്യാസവും മറ്റും ഓണ്‍ലൈനായതോടെ ജിയോ ഗ്ലാസിന്റെ ഉപയോഗം വെര്‍ച്വല്‍ ലോകത്ത് ഇടപെടലുകള്‍ മികച്ചതാക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ 25 ആപ്ലിക്കേഷനുകള്‍ ജിയോ ഗ്ലാസില്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു. ഹോളോഗ്രാഫിക് ഉള്ളടക്കം ഉള്ളതിനാല്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഈ ഗ്ലാസ് ഉപയോഗിക്കാമെന്നും കമ്പനി വ്യക്തമാക്കി.
ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ സംഭവമാണ് കൊറോണ പ്രതിസന്ധിയെന്നും എന്നിരുന്നാലും, കോവിഡ് പ്രതിസന്ധിക്കുശേഷം ഇന്ത്യയും ലോകവും വേഗത്തില്‍ പുരോഗതി കൈവരിക്കുമെന്നതില്‍ സംശയമില്ലെന്നും ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ പറഞ്ഞു.
150 ബില്യണ്‍ ഡോളറിന്റെ വിപണി മൂല്യമുള്ള ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറിയെന്നും ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ജിയോ പ്ലാറ്റ്‌ഫോമിലെ 7.7 ശതമാനം ഓഹരികള്‍ക്കായി ഗൂഗിള്‍ 33,737 കോടി നിക്ഷേപിക്കുമെന്ന് ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി എജിഎമ്മില്‍ വ്യക്തമാക്കി.