ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ ബിഎസ്എന്‍എല്ലിനെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്ത്

January 19, 2022 |
|
News

                  ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ ബിഎസ്എന്‍എല്ലിനെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനത്തില്‍ പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാം സ്ഥാനത്ത്. രണ്ടുവര്‍ഷം മുന്‍പാണ് റിലയന്‍സ് ജിയോ ഈ രംഗത്ത് ചുവടുറപ്പിച്ചത്. ടെലികോം സേവനരംഗം നിയന്ത്രിക്കുന്ന ട്രായിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 43 ലക്ഷം പേര്‍ക്കാണ് റിലയന്‍സ് ജിയോ ഫിക്സ്ഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നത്. നവംബറിലെ കണക്കാണിത്. ഒക്ടോബറിലെ 41 ലക്ഷത്തില്‍ നിന്ന് ഒരു മാസം കൊണ്ട് രണ്ടുലക്ഷത്തില്‍പ്പരം ആളുകളെയാണ് അധികമായി ജിയോയില്‍ ചേര്‍ത്തത്.

അതേസമയം ബിഎസ്എന്‍എല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒക്ടോബറില്‍ 47 ലക്ഷം ഉണ്ടായിരുന്ന സ്ഥാനത്ത് നവംബറില്‍ ഇത് 42 ലക്ഷമായി താഴ്ന്നു. നവംബറില്‍ മറ്റൊരു പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെലിന്റെ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 40 ലക്ഷമാണ്.

2019 സെപ്റ്റംബറിലാണ് ജിയോ ഫൈബര്‍ എന്ന പേരില്‍ ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സേവനം ജിയോ തുടങ്ങിയത്. ഈസമയത്ത് ബിഎസ്എന്‍എല്ലിന് 86 ലക്ഷം ഉപഭോക്താക്കള്‍ ഉണ്ടായിരുന്നു. രണ്ടുവര്‍ഷം കൊണ്ട് ബിഎസ്എന്‍എല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണം പകുതിയായി കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രണ്ടുവര്‍ഷം കൊണ്ട് എയര്‍ടെലിന്റെ ഉപഭോക്കാക്കളുടെ എണ്ണത്തില്‍ 70 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved