ടെലികോം ഓപ്പറേറ്റര്‍മാര്‍ താരിഫ് വര്‍ധനയ്ക്ക് ശ്രമിക്കുമ്പോള്‍ ജിയോയും ഒപ്പം കൂടുമോ?

August 26, 2020 |
|
News

                  ടെലികോം ഓപ്പറേറ്റര്‍മാര്‍ താരിഫ് വര്‍ധനയ്ക്ക് ശ്രമിക്കുമ്പോള്‍ ജിയോയും ഒപ്പം കൂടുമോ?

ടെലികോം ഓപ്പറേറ്റര്‍മാര്‍ താരിഫ് വര്‍ധനയ്ക്കു ശ്രമിക്കുമ്പോള്‍ ജിയോയും ഒപ്പം കൂടുമോ എന്നാണ് ടെലികോം ലോകം ഉറ്റുനോക്കുന്നത്. നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ഭാരതി എയര്‍ടെലിന്റെ സുനില്‍ മിത്തല്‍ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു. ഒരു ഉപഭോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം 300 രൂപയെങ്കിലുമാക്കണമെന്നാണ് എയര്‍ടെലിന്റെ നിലപാട്.

എന്നാല്‍ റിലയന്‍സ് ജിയോ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നിരക്ക് വര്‍ധനയ്ക്കപ്പുറം അവര്‍ക്ക് മുന്നില്‍ മറ്റുചില ലക്ഷ്യങ്ങള്‍ക്കൂടിയുണ്ട്. വിപണി വിഹിതം 50 ശതമാനത്തിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണത്. നിലവില്‍ 34 ശതമാനമാണ് ജിയോയുടെ വിപണി വിഹിതം. രണ്ടുവര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം കാണുന്നതിനുള്ള അതിവേഗ നീക്കമാണ് ജിയോ നടത്തുന്നത്.

മറ്റ് ടെലികോം സേവനദാതാക്കളേക്കാള്‍ 20 ശതമാനം കുറഞ്ഞ താരിഫാണ് ഇപ്പോള്‍ ജിയോയുടേത്. അതുകൊണ്ടുതന്നെ ഉടനെയുള്ള നിരക്ക് വര്‍ധന തല്‍ക്കാലംവേണ്ടെന്ന് വെയ്ക്കാനാണ് സാധ്യത. ലക്ഷ്യം മറികടന്നാല്‍ നിരക്ക് വര്‍ധനയ്ക്ക് ജിയോയും തയ്യാറായേക്കും. എയര്‍ടെല്‍ ഉള്‍പ്പടെയുള്ള സേവനദാതാക്കള്‍ എപ്പോള്‍ നിരക്ക് വര്‍ധനയ്ക്ക് തയ്യാറാകുമെന്നത് സുപ്രീം കോടതിയുടെ ഉത്തരവ് വന്നശേഷമറിയാം. വോഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയ്ക്ക് കനത്ത തുകയാണ് എജിആര്‍ കടിശ്ശിക അടയ്ക്കാനുള്ളത്. താരതമ്യേന ചെറിയതുകയായതിനാല്‍ ജിയോ ഇതിനകം കുടിശ്ശിക തീര്‍ത്തുകഴിഞ്ഞു.

വിഡിയോകോണിന്റെയും എയര്‍സെലിന്റെയും സ്പെക്ട്രമാണ് ഭാരതി എയര്‍ടെല്‍ ഉപയോഗിക്കുന്നത്. 13,765 കോടി രൂപയാണ് എജിആര്‍ കിടിശ്ശികയായി എയര്‍ടെലിന് അടയ്ക്കാനുള്ളത്. ഒരു ഉപഭോക്താവില്‍ നിന്നുള്ള വരുമാനം ആറുമാസത്തിനുള്ളില്‍ 250 രൂപയെങ്കിലുമാക്കി ഉയര്‍ത്തണമെന്നാണ് മിത്തല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. നിലവിലെ വരുമാനമായ 157 രൂപയേക്കാള്‍ 60 ശതമാനം അധികമാണിത്.

Related Articles

© 2025 Financial Views. All Rights Reserved