
ന്യൂഡല്‍ഹി: 5ജിയും കടന്ന് 6ജിയിലേക്ക് എത്തി ജിയോ. ടെലികോം രംഗത്തിന്റെ ഭാവി വളര്‍ച്ച കണക്കിലെടുത്തുള്ള ഗവേഷണത്തിലാണ് ജിയോ. 6 ജി സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ എസ്‌തോണിയയിലെ ഔലു സര്‍വകലാശാലയുമായി കരാര്‍ ഒപ്പിട്ടു. എസ്‌തോണിയയിലെ ജിയോയുടെ സംരംഭമാണ് കരാറിലെത്തിയത്. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ പോലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും മുന്‍പേയാണ് ജിയോയുടെ കാലേക്കൂട്ടിയുള്ള ചുവടുവെപ്പ്.
ഇന്ത്യയിലും വിദേശത്തും ജിയോയുടെ 5ജി സേവനങ്ങളുടെ ശേഷി വര്‍ധിപ്പിക്കാനും ഈ ഗവേഷണങ്ങളിലൂടെ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. വ്യക്തിഗത ഉപഭോക്താക്കളുടെയും സംരംഭങ്ങളുടെയും ആവശ്യങ്ങള്‍ മുന്‍കൂട്ടി പരിഗണിച്ചുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.
പ്രതിരോധം, ഓട്ടോമോട്ടീവ്, വൈറ്റ് ഗുഡ്സ്, വ്യാവസായിക യന്ത്രങ്ങള്‍, ഉപഭോക്തൃ വസ്തുക്കള്‍, നിര്‍മ്മാണം, വ്യക്തിഗത സ്മാര്‍ട്ട് ഉപകരണങ്ങള്‍, നഗര കമ്പ്യൂട്ടിംഗ്, ഓട്ടോണമസ് ട്രാഫിക് ക്രമീകരണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 6ജി സേവന രംഗത്ത് കമ്പനികളുമായി മത്സരിക്കാന്‍ ജിയോയ്ക്ക് ഈ കരാര്‍ ലക്ഷ്യത്തിലെത്തുന്നതോടെ സാധിക്കും.
ഇന്ത്യയില്‍ ജിയോയ്ക്ക് 400 ദശലക്ഷത്തിലധികം വരിക്കാരുണ്ട്. ഈ ഉപഭോക്താക്കളുടെ സേവനം വര്‍ധിക്കുന്നത് ബിഗ് ഡാറ്റകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ധിപ്പിക്കുകയെന്ന വെല്ലുവിളിയിലേക്ക് കൂടിയാണ് ജിയോയെ എത്തിച്ചിരിക്കുന്നത്. ഔലു സര്‍വ്വകലാശാലയുടെ സാങ്കേതിക രംഗത്തെ പരിജ്ഞാനവും പ്രവര്‍ത്തന മികവുമാണ് ജിയോയുമായുള്ള കരാറില്‍ എത്തിച്ചത്.