ജിഗാഫൈബര്‍ തരംഗം: റിലീസ് ദിനം സിനിമ വീട്ടില്‍ കാണാനാകുമെന്ന പ്രഖ്യാപനം മള്‍ട്ടിപ്ലെക്‌സുകള്‍ക്ക് തിരിച്ചടിയോ? 4 കെ ടിവിയും സെറ്റ് ടോപ് ബോക്‌സുമായി ജിയോ എത്തുമ്പോള്‍ ഡിടിഎച്ച് കമ്പനികളും ആശങ്കയില്‍

August 13, 2019 |
|
News

                  ജിഗാഫൈബര്‍ തരംഗം: റിലീസ് ദിനം സിനിമ വീട്ടില്‍ കാണാനാകുമെന്ന പ്രഖ്യാപനം മള്‍ട്ടിപ്ലെക്‌സുകള്‍ക്ക് തിരിച്ചടിയോ? 4 കെ ടിവിയും സെറ്റ് ടോപ് ബോക്‌സുമായി ജിയോ എത്തുമ്പോള്‍ ഡിടിഎച്ച് കമ്പനികളും ആശങ്കയില്‍

മുംബൈ: ജിഗാ ഫൈബര്‍ അവതരിപ്പിച്ച് രാജ്യത്തെ ഇന്റര്‍നെറ്റ് മേഖലയില്‍ ജിയോ തരംഗം സൃഷ്ടിക്കാനൊരുങ്ങുന്ന വേളയില്‍ മള്‍ട്ടി പ്ലെക്‌സ് കമ്പനികളും ഡിടിഎച്ച് കമ്പനികളും ആശങ്കയിലാണ്. പുത്തന്‍ സിനിമകള്‍ റിലീസ് ചെയ്യുന്ന ദിനം തന്നെ വീട്ടിലിരുന്ന് കാണാന്‍ സാധിക്കുമെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയിരുന്നു. ലൈഫ് ടൈം ഫ്രീ വോയിസ് കോള്‍ പ്ലാനും സൗജന്യ ഹൈ എന്‍ഡ് ടിവിയും സെറ്റ് ടോപ്പ് ബോക്‌സുകളുമായി വിപണി കീഴടക്കാനൊരുങ്ങുകയാണ് ജിയോ.

മാത്രമല്ല ജിയോ ഫൈബര്‍ വഴി മുന്‍നിര വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിനും അവസരം ഒരുങ്ങുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ അഞ്ചു മുതല്‍ ജിഗാ ഫൈബര്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. 700 രൂപ മുതല്‍ 10,000 രൂപ വരെയുള്ള പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 

മൂന്ന് വര്‍ഷം മുന്‍പ് വിപ്ലവകരമായ ജിയോയുടെ പ്രഖ്യാപനം അംബാനി സെപ്റ്റംബര്‍ അഞ്ചിന് തന്നെയാണ് നടത്തിയത്.വരുന്ന 12 മാസത്തിനുള്ളില്‍ രാജ്യം മുഴുവന്‍ ജിഗാ ഫൈബറിന്റെ സേവനം വ്യാപിപ്പിക്കാനാണ് അംബാനിയുടെ തീരുമാനം.ഡി.ടി.എച്ച് ടെലിവിഷന്‍ സേവനങ്ങളെ വെല്ലുന്ന തരത്തില്‍ ഇന്ത്യയില്‍ ടെലിവിഷന്‍ ചാനലുകള്‍ ലഭ്യമാക്കുമെന്നും അംബാനി ഉറപ്പ് നല്‍കുന്ന പദ്ധതി സ്വപ്നതുല്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്കാണ് ജിയോ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ 7.5 കോടി വരിക്കാരെ തങ്ങള്‍ സ്വന്തമാക്കുമെന്നും ജിയോ അവകാശപ്പെടുന്നു100 എംബിപിഎസ് മുതല്‍ 1 ജി.ബി.പി.എസ് വരെ വേഗതയില്‍ ഈ സംവിധാനം വഴി ഇന്റര്‍നെറ്റ് ലഭിക്കും. വീഡിയോ കോണ്‍ഫറന്‍സിനായി ആയിരങ്ങള്‍ മുടക്കേണ്ടി വരുന്ന കാലം കഴിഞ്ഞുവെന്നും ജിഗാ ഫൈബര്‍ വഴി ഇത് എളുപ്പത്തില്‍ നടപ്പാക്കാനാകുമെന്നും അംബാനി പറയുന്നു. ഭൂമിയെ 11 തവണ ചുറ്റാന്‍ വേണ്ട ഫൈബര്‍ ശൃംഖലയാണ് ഇത് നടപ്പില്‍ വരുത്താന്‍ റിലയന്‍സ് രാജ്യത്ത് സ്ഥാപിച്ചിരിക്കുന്നത്. ജിഗാ ഫൈബറിന്റെ സെട്ടോപ്പ് ബോക്സ് ഗെയിമിങ് സൗകര്യം കൂടി ഉള്ളതായിരിക്കും.

700 രൂപയില്‍ ആരംഭിച്ച് 1000 രൂപയില്‍ അവസാനിക്കുന്ന സേവനങ്ങളാണ് ജിഗാ ഫൈബര്‍ നല്‍കുന്നത്. ഇത് വഴി വോയിസ് കോളും പൂര്‍ണമായും സൗജന്യമാണ്. ജിഗാ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് സിനിമകള്‍ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാനല്ല സൗകര്യവും ഉണ്ട്. ഈ സംവിധാനം 2020ഓടെയാണ് നടപ്പില്‍ വരുത്തുക. ജിഗാ ഫൈബറിന്റെ ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്.ഡി ടിവിയോ, പി.സി കമ്പ്യൂട്ടറോ സൗജന്യമായി നല്‍കുമെന്നും അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം 4 കെ സെട്ടോപ്പ് ബോക്‌സും പൂര്‍ണമായും സൗജന്യമായി ലഭിക്കും.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved