ബിഗ്ബാസ്‌കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാര്‍ട്ട്; പ്രവര്‍ത്തനം ആരംഭിച്ചിട്ട് രണ്ട് മാസം മാത്രം

July 17, 2020 |
|
News

                  ബിഗ്ബാസ്‌കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാര്‍ട്ട്; പ്രവര്‍ത്തനം ആരംഭിച്ചിട്ട് രണ്ട് മാസം മാത്രം

പ്രവര്‍ത്തനം തുടങ്ങി രണ്ടുമാസത്തിനിടെ ഓണ്‍ലൈന്‍ ഗ്രോസറി വില്പനയില്‍ ബിഗ്ബാസ്‌കറ്റിനെയും ആമസോണിനെയും പിന്നിലാക്കി ജിയോമാര്‍ട്ട്. പ്രതിദിനം 2,50,000 ഓര്‍ഡറുകളാണ് ജിയോമാര്‍ട്ടിന് ലഭിക്കുന്നത്. ബിഗ്ബാസ്‌കറ്റിനാകട്ടെ 2,20,000വും ആമസോണ്‍ പാന്‍ട്രിക്ക് 1,50,000വുമാണ് ലഭിക്കുന്ന ഓര്‍ഡറുകള്‍. ഓര്‍ഡറുകളുടെ കണക്ക് വ്യക്തമാക്കാന്‍ ഗ്രോഫേഴ്സ് തയ്യാറായില്ലെങ്കിലും ഇവര്‍ക്കും ഒന്നര ലക്ഷത്തോളം ഓര്‍ഡറുകള്‍ ദിനംപ്രതി ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.

ഓരോദിവസവും 2,50,000 ഓര്‍ഡറുകളാണ് ലഭിക്കുന്നതെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിതന്നെയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. രാജ്യത്തെ 30 നഗരങ്ങളില്‍മാത്രം വിതരണശൃംഖലയുള്ള ബിഗ്ബാസ്‌കറ്റും ഗ്രോഫേഴ്സും ഏപ്രിലിലാണ് ഏറ്റവുംകൂടുതല്‍ പ്രതിദിന ഓര്‍ഡറുകള്‍ സ്വന്തമാക്കിയത്. യഥാക്രമം 3,00000വും 1,90,000വുമായിരന്നു ഇത്.

പച്ചക്കറികളും പഴങ്ങളുമുള്‍പ്പടെയുള്ളവയുമായി ജിയോമാര്‍ട്ട് മെയ്മാസത്തില്‍ രാജ്യത്തെ 200 നഗരങ്ങളിലാണ് സജീവമായത്. പലചരക്ക് സാധനങ്ങള്‍, പാലുത്പന്നങ്ങള്‍, ബേക്കറി, പേഴ്സണല്‍ കെയര്‍, ഹോംകെയര്‍, ബേബികെയര്‍ തുടങ്ങിയ ഉത്പന്നങ്ങളുമായാണ് ജിയോമാര്‍ട്ട് രംഗത്തുവന്നത്. ഇലക്ട്രോണിക്, ഫാഷന്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ ഉത്പന്നങ്ങളും ജിയോമാര്‍ട്ടുവഴി ലഭ്യമാക്കാന്‍ ശ്രമംതുടങ്ങിയിട്ടുണ്ട്. ഓരോ ഓര്‍ഡറിന്റെയും ശരാശരിമൂല്യം ഉയര്‍ത്താന്‍ ഇത് സാഹയിക്കുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ ഒരു ഓര്‍ഡറിന്റെ ശരാശരി മൂല്യം 500-600 രൂപയാണ്.

രാജ്യത്തെമ്പാടുമുള്ള റിലയന്‍സ് സ്റ്റോറുകള്‍വഴിയാണ് നിലവില്‍ വിതരണംചെയ്യുന്നത്. ഓര്‍ഡര്‍ചെയ്യുന്ന ഉത്പന്നങ്ങള്‍ പലയിടങ്ങളിലും രണ്ടുദിവസംകഴിഞ്ഞാണ് വിതരണംചെയ്യുന്നത്. തുടക്കത്തില്‍ വിപണിപിടിക്കാന്‍ പാക്ക് ചെയ്ത ഉത്പന്നങ്ങള്‍ എംആര്‍പിയിലും താഴ്ന്നാണ് വില്പന. തല്‍ക്കാലത്തേയ്ക്ക് ഡെലിവറി ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്. വിലകുറച്ച് ഉത്പന്നങ്ങള്‍ വിതരണംചെയ്യാനുള്ള മത്സരത്തിനിടയില്‍ ഗുണനിലവാരം കുറയുന്നതായും ആക്ഷേപമുണ്ട്. പച്ചക്കറികളുടെയും പഴങ്ങളുടെയും ഗുണനിലവാരത്തിന്റെകാര്യത്തില്‍ ഇതിനകം നിരവധിപേര്‍ ആക്ഷേപം ഉന്നയിച്ചുകഴിഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved