അബുദാബിയിലേക്കും സംരംഭം വ്യാപിപ്പിച്ച് ജെ പി മോര്‍ഗന്‍

June 30, 2021 |
|
News

                  അബുദാബിയിലേക്കും സംരംഭം വ്യാപിപ്പിച്ച് ജെ പി മോര്‍ഗന്‍

അബുദാബി: അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് റെഗുലേറ്ററി അതോറിട്ടിയുടെ അനുമതിയോടെ ജെ പി മോര്‍ഗന്‍ അബുദാബിയില്‍ ജെ പി മോര്‍ഗന്‍ മിഡില്‍ ഈസ്റ്റ് എന്ന സംരംഭം ആരംഭിച്ചു. അബുദാബിയില്‍ നാല് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ജെ പി മോര്‍ഗന് കമ്പനിയുടെ കൂടുതല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അബുദാബിയിലുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ പുതിയ സംരംഭത്തിലൂടെ സാധിക്കും. 

അബുദാബിയില്‍ ഓഫീസ് ആരംഭിച്ച് പത്ത് വര്‍ഷം പിന്നിടുന്ന വേളയില്‍ എഡിജിഎം (അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്സ്) കേന്ദ്രമാക്കി പുതിയ സ്ഥാപനം ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജെ പി മോര്‍ഗന്‍ മിഡില്‍ഈസ്റ്റിന്റെ സീനിയര്‍ എക്സിക്യുട്ടീവ് ഓഫീസറും അബുദാബിയിലെ ജനറല്‍ മാനേജറുമായ ഡെക്ലാന്‍ മോര്‍ഗന്‍ പ്രതികരിച്ചു. മികച്ച ഉപദേശങ്ങളും ധനകാര്യ സേവനങ്ങളുമായി തുടര്‍ന്നും അബുദാബിയിലെ ഉപഭോക്താക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഏറ്റവും പുതിയ സാങ്കേതികവിദ്യകളില്‍ അധിഷ്ഠിതമായ കണ്ടുപിടിത്തങ്ങള്‍ അബുദാബി ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.   

നാല് പതിറ്റാണ്ടായി അബുദാബിയിലെ ഉപഭോക്താക്കള്‍ക്ക്് ജെ പി മോര്‍ഗന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബാങ്ക് യുഎഇ കേന്ദ്രബാങ്കിന് കീഴില്‍ എമിറേറ്റില്‍ ഒരു ഓഫീസ് ആരംഭിച്ചത്. നേരത്തെയുണ്ടായിരുന്ന ഓഫീസ് ജെ പി മോര്‍ഗന്റെ ആഗോള ഓഫീസുകളുടെ ഭാഗമായി തുടരും. അതേസമയം എഡിജിഎമ്മിലെ പുതിയ സ്ഥാപനം കോര്‍പ്പറേറ്റ് ബാങ്കിംഗ്, സെക്യൂരിറ്റി സേവനങ്ങള്‍, ട്രഷറി സേവനങ്ങള്‍, ട്രേഡ് അടക്കമുള്ള ഹോള്‍സെയില്‍ പേയ്മെന്റ് തുടങ്ങിയ എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും അബുദാബിയിലെ ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കും.

Related Articles

© 2025 Financial Views. All Rights Reserved